ബീച്ച് ഗെയിംസ് ജില്ലാതല സംഘാടകസമിതി രൂപീകരിച്ചു

ബീച്ച് ഗെയിംസ് ജില്ലാതല സംഘാടകസമിതി രൂപീകരിച്ചു




കാസര്‍കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ  ആഭിമുഖ്യത്തില്‍   വന്‍ ജന പങ്കാളിത്തത്തോടെ പള്ളിക്കര ബീച്ചില്‍  ഡിസംബറില്‍ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ ജില്ലാതല സംഘാടകസമിതി രൂപീകരിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ , രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി , ജില്ലയിലെ എം എല്‍എ മാരായ എന്‍ എ നെല്ലിക്കുന്ന് ,കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍ എന്നിവര്‍  രക്ഷാധികാരികളും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ചെയര്‍മാനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട്  പി ഹബീബ് റഹ്മാന്‍ ജനറല്‍ കണ്‍വീനറുമായാണ് സംഘാടകസമിതി രൂപീകരിച്ചത്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല സംഘാടകസമിതി രൂപീകരണയോഗം  ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. എല്ലാ വിധ പ്രതിസന്ധികളെയും തരണം ചെയ്ത് ജില്ല കായിക രംഗത്ത് മുന്നോട്ട് പോകണമെന്നും വലിയ നേട്ടങ്ങള്‍ കൈവരിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ബീച്ച് ഗെയിംസിന്റെ സംഘാടക സമിതി യോഗം   ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.   കായിക രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാനായി നിരവധി സംവിധാനങ്ങളാണ് ജില്ലയില്‍ ഒരുങ്ങുന്നത്.  ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍  സ്വിമ്മിംങ്ങ് പൂള്‍  നിര്‍മ്മിക്കുന്നതും കോളിയടുക്കത്തില്‍ ജില്ലാ സ്റ്റേഡിയം ഒരുക്കുന്നതും എല്ലാം ഇതിന്റെ ഭാഗമാണ്. കൂടാതെ ഒരു ടെന്നീസ് കോര്‍ട്ടും ജില്ലയില്‍ വരാന്‍ പോകുന്നു.
ബീച്ച് ഗെയിംസ്  ജില്ലയിലെ കായിക പ്രേമികള്‍ക്ക് ആവേശവും പ്രോത്സാഹനവും നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. നമ്മുടെ എത്രയോ കായിക പ്രതിഭകള്‍ ഉണ്ട്. അവര്‍ക്ക് കഴിവ് തെളിയിക്കാനും , പരിശീലനം നടത്താനുള്ള അവസരം ജില്ലയില്‍ ഉണ്ടായിരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.ബീച്ച് ഗെയിംസ് വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

  നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ കെ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു  സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ് ബീച്ച് ഗെയിംസ് വിശദീകരിച്ചു. ഡിസംബര്‍, ജനുവരി മാസങ്ങളില്‍  സംസ്ഥാനത്ത് ബീച്ച് ഗെയിംസ് നടക്കും. ഫുട്‌ബോള്‍, വോളിബോള്‍,  കബഡി. വടംവലി എന്നീ മത്സരങ്ങളാണ്  നടത്തുന്നത്, വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട്  പി ഹബീബ് റഹ്മാന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് പി പി അശോകന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments