
കാസര്‍കോട്: നുള്ളിപ്പാടിയിലെ കെയര്‍വെല്‍ ആസ്പത്രിക്ക് നേരെയുണ്ടായ അക്രമത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 9മണിയോടെയാണ് ആസ്പത്രി ജീവനക്കാരിലും രോഗികളിലും ഭീതി പരത്തി കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിലുള്ള അക്രമി സംഘം അഴിഞ്ഞാടിയത്. കാറിനു പിറകില്‍ ബൈക്കിടിച്ച് പരിക്കേറ്റ ജെ.പി. കോളനിയിലെ രണ്ടുപേരെ രാത്രി ആസ്പത്രിയില്‍ എത്തിച്ചിരുന്നു. പിന്നാലെയാണ് കൊലക്കേസ് പ്രതിയടക്കമുള്ള സംഘം ആസ്പത്രിയില്‍ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പരിക്കേറ്റ് എത്തിയവരെ പെട്ടെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമമെന്ന് പറയുന്നു. ഭാര്യയുടെ പ്രസവത്തിനായി ആസ്പത്രിയില്‍ എത്തിയ യുവാവുമായി തര്‍ക്കിച്ച സംഘം പരിശോധനാ മുറിയില്‍ കയറി അവിടെ ഉണ്ടായിരുന്ന നഴ്‌സുമാരെയും ജീവനക്കാരെയും രോഗികളെയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ആയിരുന്നുവെന്ന് പറയുന്നു. ഡോക്ടറുടെ മുറിയുടെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും പുറത്തെ ബോര്‍ഡുകള്‍ വലിച്ചെറിയുകയും ചെയ്തു. വിവരമറിഞ്ഞ് കാസര്‍കോട് സി.ഐ. മധുസൂദനന്‍, എസ്.ഐ. മെല്‍വിന്‍ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് ആസ്പത്രിയില്‍ എത്തി. പൊലീസിനെ കണ്ടതോടെ അക്രമി സംഘം ഓടി രക്ഷപ്പെട്ടു. സംഘത്തിലെ ഒരാളെ പിടിക്കാനായി. കൂടി നിന്നവരോട് പൊലീസ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാത്തതിനാല്‍ വിരട്ടിയോടിക്കേണ്ടിവന്നു. പൊലീസിന്റെ ഇടപെടല്‍ സംഘര്‍ഷം ഒഴിവാക്കി. ആസ്പത്രിയിലെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
0 Comments