കെ.എസ്.ടി.പി റോഡിൽ സീബ്രാ ലൈൻ മായുന്നു; യാത്രക്കാർ സഞ്ചരിക്കുന്നത് ഭയത്തോടെ
Friday, September 27, 2019
കാഞ്ഞങ്ങാട്:നഗരത്തിൽ കാൽനട യാത്രക്കാർ തിരക്കു പിടിച്ച കെ.എസ്.ടി.പി പാത മുറിച്ച് കടക്കുന്നത് പ്രാണഭയത്തോടെ. ബസ്സ് സ്റ്റാൻഡ് പരിസരം, കോട്ടച്ചേരി സർക്കിൾ തുടങ്ങി പലയിടങ്ങളിലും സീബ്ര ലൈൻ മുക്കാൽ ഭാഗവും മാഞ്ഞ്്് തുടങ്ങി. കെ.എസ്്്.ടി.പി റോഡിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളഉൂ. അതിനിടയിലാണ് സീബ്ര ലൈൻ മായുന്നത്. യാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നത് ഗൗനിക്കാതെയാണ് വാഹനങ്ങൾ പോകുന്നത്. യാത്രക്കാരുടെ ജീവന് വിലകൽപ്പിക്കാതെയാണ് വാഹനങ്ങൾ കുതിച്ചോടുന്നത്. നഗരത്തിലെ സീബ്ര ലൈനുകൾ പകുതിയിലധികവും മാഞ്ഞു പോയ നിലയിലാണ്. അവശേഷിച്ച സീബ്രാലൈനുകളിലൂടെ യാത്രക്കാർ റോഡ് മുറിച്ചു കടക്കുമ്പോൾ വേഗം കുറയ്ക്കാൻ ഡ്രൈവർമാർ തയ്യാറാവുന്നുമില്ല. മാഞ്ഞു പോയ സീബ്രാ ലൈൻ ഉൾപ്പടെയുള്ള റോഡ് അടയാളങ്ങൾ അടിയന്തിരമായി പുനഃസ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് കെ.എസ്.ടി.പി അധികൃതർ. ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ യോഗത്തിൽ ധാരണയായിരുന്നുവെങ്കിലും തുടർ നടപടികളുണ്ടായില്ല. വാഹനങ്ങളുടെ മത്സരപ്പാച്ചിൽ കാരണം സീബ്ര ലൈനിൽകൂടി കാൽ നടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടുന്നു. റോഡ് മുറിച്ചുകടക്കുന്നത് ഡ്രൈവർമാരുടെ ശ്രദ്ധയിൽപെട്ടാൽ പോലും വാഹനങ്ങളുടെ വേഗത കുറക്കാൻ അവർ തയ്യാറാകാറില്ല. കഴിഞ്ഞയാഴ്ച്ച സീബ്ര ലൈനിൽ കൂടി കടക്കുമ്പോൾ കാറിടിച്ച് മധ്യ വയസുള്ള ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.സീബ്ര ലൈൻ ഉള്ള സ്ഥലത്ത് വാഹനങ്ങൾ വേഗത കുറച്ച് പോകണമെന്നും, കാൽനട യാത്രക്കാർക്ക് മുൻഗണന നൽകണമെന്നുമാണ് നിയമം. എന്നാൽ ജില്ലയിലെ ഡ്രൈവർമാർക്ക് ഇതൊന്നും ബാധകമല്ല. കാൽനട യാത്രക്കാരൻ സീബ്ര ലൈനിൽകൂടി റോഡ് മുറിച്ച് കടക്കുകയാണെങ്കിൽ ഇത് കണ്ട് വാഹനം നിർത്തിയാലും പിന്നിൽ വരുന്ന വാഹനങ്ങൾ ഈ വാഹനത്തെ മറികടക്കുന്നു. ഇങ്ങനെയാണ് പല അപകടങ്ങളും ഉണ്ടാകാറ്. മിക്കപ്പോഴും പോലീസുകാർ ഇവിടങ്ങളിൽ ഡ്യൂട്ടിക്ക് ഉണ്ടായാലും യാത്രക്കാരെ റോഡ് മുറിച്ച് കടക്കുന്നതിന് സഹായം പോലും ചെയ്തുകൊടുക്കാറില്ലെന്നും ആരോപണമുണ്ട്. ഡിവൈഡറിന് മുകളിൽ കയറി നിന്നാൽ പോലും രക്ഷയില്ലെന്ന് ജനങ്ങൾ പറയുന്നു. അൽപമൊന്ന് കാൽതെറ്റിയാൽ പിന്നെ കാര്യം പറയേണ്ട. സ്‌കൂളിനു മുന്നിൽ വാഹനങ്ങളുടെ വേഗതയ്ക്ക് നിയന്ത്രണമുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ല. പോലീസ് ഇല്ലാത്ത സ്ഥലത്ത് രാവിലെയുള്ള സമയങ്ങളിൽ വിദ്യാർത്ഥികളെ റോഡ് മുറിച്ച് കടത്താൻ അധ്യാപകർ നന്നേ പാടുപെടുന്നുണ്ട്. ചെറു വാഹനങ്ങൾ സീബ്ര ലൈനിന് മുന്നിൽ നിർത്താറുണ്ടെങ്കിലും ബസുകൾ ഗൗനിക്കാറില്ല.
0 Comments