ഗാന്ധിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കി ഫ്രാന്‍സ്

ഗാന്ധിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കി ഫ്രാന്‍സ്


മഹാത്മാഗാന്ധിയുടെ ചിത്രമുള്ള തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി ഫ്രാന്‍സ്. ഗാന്ധിയുടെ 150ആം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ഫ്രാന്‍സിലെ പോസ്റ്റല്‍ സര്‍വീസ് കമ്പനിയയ ലാ പോസ്റ്റാണ് സ്റ്റാമ്പ് പുറത്തിറക്കിയത്.

ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെയാണ് ഫ്രാന്‍സ് രാഷ്ട്രപിതാവിന് ആദരവര്‍പ്പിച്ച് സ്റ്റാമ്പ് ഇറക്കിയത്. ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസ്സി ഇക്കാര്യം വിശദീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഉസ്ബക്കിസ്ഥാന്‍, തുര്‍ക്കി, പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളും ഗാന്ധിജയന്തിയോടനുബന്ധിച്ച് തപാല്‍ സ്റ്റാമ്പുകള്‍ ഇറക്കിയിരുന്നു.

ഇന്നലെയാണ് ഗാന്ധിയുടെ 150ആം ജന്മദിനം ലോകമൊട്ടാകെ ആഘോഷിച്ചത്. മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് രാംനാഥ് കോവിന്ദ് തുടങ്ങിയവര്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. സമാധി സ്ഥലത്ത് നടന്ന സര്‍വ്വമതപ്രാര്‍ത്ഥനയിലും പ്രധാനമന്ത്രി പങ്കെടുത്തു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ എന്നിവരും പങ്കെടുത്തു. ഗാന്ധിജി ഡല്‍ഹിയില്‍ താമസിച്ചിരുന്ന വാത്മീകി ആശ്രമത്തിലും ആഘോഷങ്ങള്‍ നടന്നു. ഡല്‍ഹി കേരളാ ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗാന്ധിയുടെ ചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി.

Post a Comment

0 Comments