ഗംഗയിലെ വിഗ്രഹ നിമഞ്ജനം തടഞ്ഞ് കേന്ദ്രം; 50000 രൂപ പിഴ

ഗംഗയിലെ വിഗ്രഹ നിമഞ്ജനം തടഞ്ഞ് കേന്ദ്രം; 50000 രൂപ പിഴ




ന്യൂഡല്‍ഹി: വിവിധ ആഘോഷങ്ങളുടെ ഭാഗമായി ഗംഗാനദിയില്‍ വിഗ്രഹം നിമഞ്ജനം ചെയ്യുന്നത് തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. ഇത് ലംഘിക്കുന്നവരില്‍ നിന്ന് 50,000 രൂപ പിഴ ഈടാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗയാണ് നിര്‍ദേശം ഇറക്കിയിരിക്കുന്നത്.

ഗംഗയിലോ ഗംഗയുടെ കൈവഴികളായ നദികളിലോ വിഗ്രഹനിമഞ്ജനം പാടില്ലെന്നാണ് നിര്‍ദേശം. കഴിഞ്ഞ മാസം സംസ്ഥാനങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഗംഗയുടെ കൈവഴികള്‍ ഒഴുകുന്ന ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതിന് പുറമെ ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്കും നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്.

നിര്‍ദേശം കര്‍ശനമായി പാലിക്കാനാണ് നിര്‍ദേശം. നദിയില്‍ വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യുന്നത് പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. ഗണേശ ചതുര്‍ഥി, വിശ്വകര്‍മ പൂജ, ദുര്‍ഗ പൂജ, ദീവാലി, സരസ്വതി പൂജ എന്നിവയുടെ ഭാഗമായി വിഗ്രഹങ്ങളും പൂജാ സാമഗ്രികളും ഗംഗയില്‍ ഒഴുക്കാറുണ്ട്. ഇത് നദി മലിനീകരിക്കപ്പെടാന്‍ കാരണമായിട്ടുണ്ട്.

ഗംഗാനദിയുടെ സംരക്ഷ്ണത്തിനായി 2014ല്‍ കേന്ദ്ര സര്‍ക്കാര്‍ നമാമി ഗംഗേ എന്ന പദ്ധതി ആരംഭിച്ചിരുന്നു. 2017ല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ മാലിന്യങ്ങള്‍ ഗംഗയില്‍ ഒഴുക്കുന്നത് തടഞ്ഞിരുന്നു.

Post a Comment

0 Comments