സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിന്റെ പകര്‍പ്പെടുത്ത് പണം തട്ടി; ഒരാൾ അറസ്റ്റിൽ

സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിന്റെ പകര്‍പ്പെടുത്ത് പണം തട്ടി; ഒരാൾ അറസ്റ്റിൽ


കാഞ്ഞങ്ങാട് : സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിന്റെ പകര്‍പ്പെടുത്ത് പണം തട്ടിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാവുങ്കാല്‍ കല്യാണ്‍ റോഡിലെ ബാബു (54) നെയാണ് ഹൊസ്ദുര്‍ഗ് എസ്‌ഐ ടി.കെ.മുകുന്ദന്‍ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിനകത്തെ വിനായക ലോട്ടറി സ്റ്റാളില്‍ സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിന്റെ പകര്‍പ്പ് നല്‍കി 5000 രൂപയാണ് ഇയാള്‍ തട്ടിയത്. തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധമുള്ള കളര്‍ പകര്‍പ്പാണ് സ്റ്റാളില്‍ നല്‍കിയത്. 1000 രൂപയുടെ സമ്മാനാര്‍ഹമായ കാരുണ്യ ടിക്കറ്റിന്റെ പകര്‍പ്പ് നല്‍കിയാണ് തട്ടിപ്പ് നടത്തിയത്.

പിന്നീട് പുതിയകോട്ടയിലെ മറ്റൊരു സ്റ്റാളിലും സമാനമായ സംഭവം ഉണ്ടായി. ഇവിടെ ലോട്ടറി നല്‍കിയത് മധ്യ വയസ്‌കനായ ഒരാളായിരുന്നു. ടിക്കറ്റിന്റെ പകര്‍പ്പാണെന്ന് തെളിഞ്ഞതോടെ ഉടമ ഇയാളെ ചോദ്യം ചെയ്തു. തനിക്ക് മറ്റൊരാളാണ് ടിക്കറ്റ് തന്നതെന്നും മാറ്റി വന്നാല്‍ പണം നല്‍കാമെന്നു പറഞ്ഞുവെന്നും ഇദ്ദേഹം ഉടമയോട് പറഞ്ഞു.ടിക്കറ്റ് നല്‍കിയ ആളെ തേടി ഉടമയും മധ്യവയസ്‌കനും പോയെങ്കിലും ഇയാള്‍ ഇവിടെ നിന്നു മുങ്ങിയിരുന്നു. തുടര്‍ന്നു ഈ സംഭവം ഏജന്റുമാരുടെ വാട്‌സാപ് ഗ്രൂപ്പിലിട്ടു. അപ്പോഴാണ് വിനായക ലോട്ടറി സ്റ്റാളില്‍ നല്‍കിയ ടിക്കറ്റും പകര്‍പ്പാണെന്ന് തിരിച്ചറിഞ്ഞത്. പണം കൈപ്പറ്റുന്ന നേരത്ത് സ്റ്റാളുടമ പണം വാങ്ങിയ ആളുടെ ഫോട്ടോ തന്റെ ഫോണില്‍ എടുത്തിരുന്നു. ഇത് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചു. നഗരത്തിലെ ഒരു ബാറില്‍ പ്രതിയെ കണ്ടെത്തിയതോടെ സ്റ്റാള്‍ ഉടമകള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments