ഉപതെരഞ്ഞെടുപ്പ്: മാധ്യമങ്ങള്‍ കര്‍ശന നിരീക്ഷണത്തില്‍ എം സി എം സി സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഉപതെരഞ്ഞെടുപ്പ്: മാധ്യമങ്ങള്‍ കര്‍ശന നിരീക്ഷണത്തില്‍ എം സി എം സി സെന്റര്‍ ഉദ്ഘാടനം ചെയ്തു



കാസർകോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനുള്ള  മീഡിയ സര്‍ട്ടിഫിക്കേഷന്‍ മോണിറ്ററിങ്ങ് കമ്മിറ്റി സെന്റര്‍ കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷക സുഷമ ഗൊഡ്‌ബൊലെ ഉദ്ഘാടനം ചെയ്തു. ഉപതെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലടക്കം വരുന്ന വാര്‍ത്തകള്‍ കര്‍ശനമായി നിരീക്ഷിക്കും. അച്ചടി, ദൃശ്യ-ശ്രാവ്യ, സാമൂഹിക  മാധ്യമങ്ങളില്‍ പെയ്ഡ് ന്യൂസ്, മുന്‍കൂര്‍ അനുമതി നേടാത്ത പരസ്യങ്ങള്‍, സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന തരത്തിലുള്ള വാര്‍ത്തകള്‍, പരസ്യങ്ങള്‍, ഏതെങ്കിലും വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ എന്നിവ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം നടത്തുന്നുണ്ടെന്ന്  പരിശോധിക്കുകയാണ് സെന്ററിന്റെ  ചുമതല. മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നല്‍കുന്ന പരസ്യങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ എംസിഎംസിയില്‍ നിന്നും മുന്‍കൂര്‍ അനുമതി നേടണം. ടിവി ചാനലുകള്‍, പത്രമാധ്യമങ്ങള്‍, മെസഞ്ചര്‍, എഫ് എം റേഡിയോകള്‍ എന്നിവ സെന്ററിന്റെ പൂര്‍ണ്ണ നിരീക്ഷണത്തിലായിരിക്കും. സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയെ പ്രത്യേകമായി നിരീക്ഷിക്കും.
എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സര്‍വര്‍ കമല്‍ജിത്ത് കെ കമല്‍, എംസിഎംസി നോഡല്‍ ഓഫീസറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, കമ്മിറ്റി അംഗങ്ങളായ കാസര്‍കോട് ആര്‍ഡിഒ കെ രവികുമാര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ രാജന്‍, ജില്ലാ ലോ ഓഫീസര്‍ കെ പി  ഉണ്ണികൃഷ്ണന്‍, റിട്ടയഡ് അഡീഷണല്‍ ലോ സെക്രട്ടറി  എം സീതാരാമ, എംസിഎംസി ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments