കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്റെ മാതൃകാ പ്രവര്‍ത്തനത്തിന് വനിതാ കമ്മീഷന്റെ ആദരം

കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്റെ മാതൃകാ പ്രവര്‍ത്തനത്തിന് വനിതാ കമ്മീഷന്റെ ആദരം




കാസർകോട്: കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാതൃകാ പ്രവര്‍ത്തനം നടത്തിയ 41  സംരംഭകരെ സംസ്ഥാന വനിതാ കമ്മീഷന്‍ കാസര്‍കോട് കളക്ടറേറ്റില്‍ നടത്തിയ സെമിനാറില്‍ ആദരിച്ചു.  വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.   ഇലക്ട്രിക്കല്‍, പ്ലംബിംഗ് ജോലികളില്‍ പരിശീലനം നേടിയ 15 വനിതകളേയും വനിതകളെയും ഗ്രാമകിരണം സ്ട്രീറ്റ് ലൈറ്റ് സര്‍വീസിങ്ങില്‍ പരിശീലനം നേടിയ 21 വനിതകളേയും  കയര്‍  ഡീഫൈബറിങ്  വ്യവസായ സംരംഭകരായ കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ  അഞ്ച് വനിതകളെയുമാണ് ആദരിച്ചത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും കയ്യൊപ്പുചാര്‍ത്തിയ കുടുംബശ്രീ കാസര്‍കോട് ജില്ലയില്‍ മികച്ച രീതിയില്‍ വളരെ മാതൃകാപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് വനിതാ കമ്മീഷനംഗം പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വനിതകളുടെ ഉന്നമനത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വനിതാ കമ്മീഷന്‍ എന്നും കൂടെയുണ്ടാകും.  കൂടത്തായിയിലെ ജോളി എന്ന സ്ത്രീയല്ല എല്ലാ രംഗത്തും സ്വാശ്രയത്വം കൈവരിക്കുന്ന മാതൃകാ വനിതകളായ  കുടുംബശ്രീ പ്രവര്‍ത്തകരെയാണ് മാധ്യമങ്ങള്‍ ആഘോഷിക്കേണ്ടതെന്ന് വനിതാ കമ്മീഷന്‍ അംഗം പറഞ്ഞു. ജില്ലയില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ വനിതകള്‍ ഇതര ജില്ലകളി്‌ലും മാതൃകയാണ്.
യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.അസി. കോര്‍ഡിനേറ്റര്‍മാരായ എം.ഹരിദാസ്, പ്രകാശന്‍ പാലായി ചെങ്കള സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഖദീജ അബൂബക്കര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ വനിതാ കമ്മീഷനംഗം ഡോ ഷാഹിദാ കമാലിന് ഉപഹാരം നല്‍കി
 അന്നപൂര്‍ണ കാറ്ററിംഗ് യൂണിറ്റ് , ഗ്രാമകിരണം പിലിക്കോട് മംഗല്‍പാടി യൂണിറ്റുകള്‍,  കൊറഗ കുടുംബശ്രീ പ്രവര്‍ത്തകര്‍, എറൈസ് പ്രിന്‍സിപ്പല്‍മാരായ അനില്‍കുമാര്‍, വിന്‍സന്റ,് മുള ഉല്പന്നങ്ങള്‍ രൂപകല്പന ചെയ്ത രാജേഷ് എന്നിവര്‍ക്കം ചടങ്ങില്‍ ഡോ ഷാഹിദാ കമാല്‍ ഉപഹാരങ്ങള്‍ നല്‍കി. കൊറഗ ഗോത്ര വിഭാഗം നിര്‍മിച്ച മുള ഉല്പന്നങ്ങളും ഗ്രാമകിരണം എല്‍ ഇ ഡി ബള്‍ബുകളുമാണ് ഉപഹാരമായി നല്‍കിയത്.

Post a Comment

0 Comments