
കാസർകോട്: ഭാര്യയെ കൊന്ന് പുഴയില്‍ കെട്ടി താഴ്ത്തിയതോടെ അനാഥരായ കുട്ടികളെ വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ സന്ദര്‍ശിച്ചു. വനിതാ കമ്മീഷന്‍ അംഗത്തിന്റെ നാടായ, കൊല്ലം സ്വദേശിനിയാണ് കൊല്ലപ്പെട്ട സ്ത്രീ. ഇവരുടെ രണ്ട് മക്കളെ ഇപ്പോള്‍ സംരക്ഷിക്കുന്നത് സാലി, ജ്യോതി ദമ്പതികളാണ്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും വ്യക്തിപരമായ സന്തോഷത്തിനും സ്വന്തം മക്കളെ കൊല്ലുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. അവിടെയാണ് ഒരു രക്ത ബന്ധവുമില്ലാത്ത രണ്ടു കുട്ടികളുടെ സംരക്ഷണം സ്വമേധയാ ഈ ദമ്പതികള്‍ ഏറ്റെടുത്തിരിക്കുന്നത്. തീര്‍ച്ചയായും ഇത് മാതൃകാപരവും അഭിനന്ദനീയവുമാണ്. കുട്ടികളുടെ മനസ്സില്‍ അമ്മയെ പറ്റി മോശം ചിത്രമാണ് പിതാവ് നല്‍കിയിരിക്കുന്നതെന്നും അത് മാറ്റിയെടുക്കുന്നതിന് കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കേണ്ടതുണ്ടന്നും സാലി, ജ്യോതി ദമ്പതികള്‍ കമ്മീഷനോട് പറഞ്ഞു. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ ഉറപ്പു കൊടുത്തു.
കുട്ടികളെ അമ്മയുടെ ബന്ധുക്കള്‍ നാട്ടിലേക്ക് കൂട്ടികൊണ്ടു പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ കുട്ടികളുടെ പഠനം തുടരുന്നതടക്കം ആവശ്യമായ എല്ലാ സൗകര്യങ്ങളും കമീഷന്‍ ഇടപെട്ട് നല്‍കുമെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. എത്രയും പെട്ടെന്ന് മൃതദേഹം കണ്ടെത്തി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ പോലീസിനോട് ആവശ്യപ്പെട്ടു. എസ്. ഐ. വാസുദേവനും കമ്മീഷനോടൊപ്പം ഉണ്ടായിരുന്നു
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ