തിങ്കളാഴ്‌ച, ഒക്‌ടോബർ 14, 2019


തിരുവനന്തപുരം: പത്തുവര്‍ഷം മുമ്പ് തിരുവനന്തപുരം ഭരതന്നൂരില്‍ നടന്ന 14 വയസുകാരന്‍ ആദര്‍ശിന്റെ മരണത്തില്‍ ദുരൂഹത. മരണകാരങ്ങള്‍ സംബന്ധിച്ചുള്ള അവ്യക്ത നീക്കാന്‍ മൃതദേഹം ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുക്കും.

പാല് വാങ്ങാനായി പുറത്തേക്കുപോയ ആദര്‍ശിനെ പിന്നീട് വീടിനു സമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടയ്ക്കാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ തലക്കടിയേറ്റതാണ് മരണകാരണമെന്നാണ് കണ്ടെത്തല്‍. പക്ഷെ അന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പാങ്ങോട് പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിരുന്നു.

ആദര്‍ശിന്റെ വസ്ത്രത്തില്‍ പുരുഷ ബീജവും കണ്ടെത്തിയിരുന്നു. പീഡനത്തെ തുടര്‍ന്നാണ് ആദര്‍ശ് മരിച്ചതെന്ന നിഗമനത്തിലാണ് പിന്നീട് കേസെടുത്ത ക്രൈംബ്രാഞ്ച് എത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധിപ്പേരെ പോലീസ് ചോദ്യം ചെയ്തു. രണ്ടുപേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി. പക്ഷെ 10 വര്‍ഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല.

ഡി.വൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം അന്നെടുത്ത ഫോട്ടോയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുമെല്ലാം ഫോറന്‍സിക് വിദഗ്ധര്‍ക്ക് കൈമാറുകയും നിരവധി പ്രാവശ്യം ചര്‍ച്ച നടത്തുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിലും താരതമ്യ പരിശോധനകളിലുമെല്ലാം വീഴ്ചയുണ്ടായെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് ഡോക്ടറുടെ സാന്നിധ്യത്തില്‍ ഇന്ന് മൃതദേഹം വീണ്ടും പുറത്തെടുത്ത് പരിശോധിക്കുന്നത്.

ആദര്‍ശിന്റെ ഡി.എന്‍.എ ഉള്‍പ്പെടെ ശേഖരിക്കാന്‍ വേണ്ടിയാണ് പരിശോധനയെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഹരികൃഷ്ണന്‍ പറഞ്ഞു. മുങ്ങി മരണമാണോ കൊലപാതകമാണോയെന്ന് ചുരുളഴിക്കാന്‍ പുതിയ പരിശോധയിലൂടെ സാധിക്കുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘവും ബന്ധുക്കളും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ