തിങ്കളാഴ്‌ച, ഒക്‌ടോബർ 14, 2019

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് ടീം പ്രസിഡന്റുമായ സൗരവ് ഗാംഗുലി ബിസിസിഐയുടെ പുതിയ അധ്യക്ഷനാകും. ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകന്‍ ജെയ്ഷാ ബിസിസിഐ സെക്രട്ടറിയാകും.

മുന്‍ താരം ബ്രിജേഷ് പട്ടേലിനെ മറികടന്നാണ് ഗാഗുലി പ്രസിഡന്റ് സ്ഥാനത്ത് എത്തുക. ഇന്നലെ അര്‍ധരാത്രി നടന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് തീരുമാനം. മുന്‍ ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധുമാലാകും പുതിയ ട്രഷറര്‍.

സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തില്‍ ഗാംഗുലിയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതായാണ് വിവരങ്ങള്‍. കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ ജയേഷ് ജോര്‍ജ് ബിസിസിഐ ജോയിന്റ് സെക്രട്ടറിയാകും. പുതിയ നീക്കം അനുസരിച്ച് ഗാംഗുലിക്ക് എതിരാളി ഉണ്ടാകാന്‍ സാധ്യതയില്ല. എന്‍. ശ്രീനിവാസന്‍ പിന്തുണയ്ക്കുന്ന ബ്രിജേഷ് പട്ടേല്‍ ഐപിഎല്‍ ചെയര്‍മാനായേക്കും. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് ജയേഷ് ജോര്‍ജിനും എതിരുണ്ടാകാന്‍ വഴിയില്ലെന്നാണ് സൂചന.

എസ്.കെ. നായര്‍ക്കും ടി.സി. മാത്യുവിനും ശേഷം ബിസിസിഐയുടെ പ്രധാന പദവിയിലെത്തുന്ന ആളാകും ജയേഷ് ജോര്‍ജ്. ഇന്നാണ് പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. ഈ മാസം 23 നാണ് ബിസിസിഐ തെരഞ്ഞെടുപ്പ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ