
കൊച്ചി: മാതാപിതാക്കളെ യുവാവ് ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി. എറണാകുളം എളമക്കര സുഭാഷ് നഗര്‍ അഞ്ചനപ്പള്ളി ലെയ്നില്‍ അഴീക്കല്‍ കടവ് വീട്ടില്‍ ഷംസു (65), ഭാര്യ സരസ്വതി (57) എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ സനലിനെ (30) എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ 9.30നായിരുന്നു സംഭവം.
മാതാപിതാക്കളെ കൊലപ്പെടുത്തിയെന്ന് സനല്‍ തന്നെയാണ് പൊലീസിനെ അറിയിച്ചത്. ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നെന്ന് പൊലീസ് അറി?യി?ച്ചു. ഇരുവരുടെയും ശരീരത്തില്‍ മുറിവുകളുണ്ട്. മൃതദേഹത്തിനു സമീപത്തുനിന്ന് ചുറ്റിക, കത്തി, ഹാക്സോ ബ്ലേഡ് എന്നിവ കണ്ടെടുത്തു. സനലിന് നല്‍കാനുള്ള മരുന്ന് സരസ്വതി കൈയില്‍ ചുരുട്ടിപ്പിടിച്ചിരുന്നു.
പ്രഭാത സവാരി കഴിഞ്ഞ് ഷംസു വീട്ടിലേക്കു പോകുന്നത് പരിസരവാസികള്‍ കണ്ടിരുന്നു. ഏഴരയായപ്പോള്‍ വീട്ടില്‍ ഒച്ചപ്പാടുകള്‍ കേട്ട് സമീപവാസികള്‍ എത്തിയെങ്കിലും സനല്‍ എല്ലാവരെയും വഴക്കു പറഞ്ഞു മടക്കി. പതിനൊന്ന് മണിയോടെ വീട്ടില്‍ നിന്ന് അനക്കമൊന്നും കേള്‍ക്കാതായതോടെ അയല്‍വാസികള്‍ ചെന്നു നോക്കിയപ്പോഴാണ് മുകളിലത്തെ നിലയില്‍ ഷംസുവും ഭാര്യ സരസ്വതിയും രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടത്. ഈ സമയം ഭാവഭേദമൊന്നുമില്ലാതെ വീടിന്റെ താഴത്തെ നിലയില്‍ ഇരിക്കുകയായിരുന്നു സനല്‍.
അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എളമക്കര പൊലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. സി.ഐ മിഥുന്‍, എസ്.ഐ വിന്‍സന്റ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ സനല്‍ വര്‍ഷങ്ങളായി ചികിത്സയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അക്രമസ്വഭാവം കാണിച്ചിരുന്നില്ല. തലയ്ക്കേറ്റ മാരകമായ മുറിവാണ് ഇരുവരുടെയും മരണത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
0 Comments