രാത്രിയാത്രക്കിടെ യുവതിയെ കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് ഇറക്കി വിട്ടു; ജീവനക്കാര്‍ക്കെതിരെ അധികൃതര്‍ക്ക് പരാതി നല്‍കി
Tuesday, October 22, 2019
കാസര്‍കോട്: കോടതി ജീവനക്കാരിയായ യുവതിയെ രാത്രി യാത്രക്കിടെ കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് നിര്‍ബന്ധിച്ച് ഇറക്കി വിട്ടു. കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ജീവനക്കാരിയായ കരിവെളളൂര്‍ ആണൂര്‍ സ്വദേശിനിയെയാണ് ബസില്‍ യാത്ര തുടരാന്‍ അനുവദിക്കാതെ ജീവനക്കാര്‍ ഇറക്കിവിട്ടത്.ചൊവ്വാഴ്ച രാത്രി കാസര്‍കോട്-പയ്യന്നൂര്‍ റൂട്ടിലോടുന്ന ടൗണ്‍ ടു ടൗണ്‍ കെ എസ് ആര്‍ ടി സി ബസില്‍ യാത്രചെയ്യുന്നതിനിടെയാണ് കോടതി ജീവനക്കാരിക്ക് ജീവനക്കാരുടെ മോശം പെരുമാറ്റം നേരിടേണ്ടിവന്നത്. കാസര്‍കോട്ട് നിന്ന് കരിവെള്ളൂരിലേക്കുള്ള ടിക്കറ്റാണ് യുവതിക്ക് കണ്ടക്ടര്‍ മുറിച്ചുകൊടുത്തത്. ഡ്രൈവറുടെ സീറ്റിന് പിറകിലെ സീറ്റിലാണ് യുവതി ഇരുന്നിരുന്നത്. ബസ് കാലിക്കടവില്‍ എത്തുന്നതിന് മുമ്പ് അതിനടുത്ത സ്റ്റോപ്പായ ആണൂരില്‍ ഇറക്കണമെന്ന് യുവതി ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. കണ്ടക്ടര്‍ ബസിനകത്ത് ഏറ്റവും പിറകിലായതിനാല്‍ ഇക്കാര്യം സൂചിപ്പിക്കാന്‍ യുവതിക്ക് സാധിച്ചിരുന്നില്ല. ബസ് കാലിക്കടവിലെത്തിയതോടെ കണ്ടക്ടറോടും ആണൂരില്‍ ഇറങ്ങേണ്ട കാര്യം അറിയിച്ചു. എന്നാല്‍ ആണൂരില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ നിര്‍ത്തില്ലെന്ന് കണ്ടക്ടര്‍ അറിയിച്ചു. രാത്രി കാലങ്ങളില്‍ ടൗണ്‍ ടു ടൗണ്‍ ബസുകള്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണമെന്നും ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നുമുള്ള അധികൃതരുടെ നിര്‍ദേശം ശ്രദ്ധയില്‍പെടുത്തിയ യുവതിയോട് കണ്ടക്ടര്‍ തട്ടിക്കയറുകയും കാലിക്കടവില്‍ നിര്‍ബന്ധിച്ച് ഇറക്കിവിടുകയുമായിരുന്നു. ഇതോടെ ഒരു കിലോമീറ്റര്‍ നടന്നാണ് യുവതി ആണൂരിലെത്തിയത്. പിന്നീട് കെ എസ് ആര്‍ ടി സി അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു
0 Comments