ആദൂര്‍: ഒരു വര്‍ഷം മുമ്പ് കാണാതായ യുവാവിന്റെ തലയോട്ടി വനാന്തര്‍ഭാഗത്ത് കണ്ടെത്തി. ദേലംപാടി നൂജിബെട്ടുവിലെ ശേഷപ്പയുടെ മകന്‍ ശശിധരയുടെ (35) തലയോട്ടിയാണ് കണ്ടെത്തിയത്. 2018 മെയ് 16 നാണ് ശശിധരയെ കാണാതായത്. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 2019 മെയ് മാസം ദേലംപാടിയിലെ പൊക്ലമൂല വനമേഖലയില്‍ മനുഷ്യന്റെ തുടയെല്ലും ഷര്‍ട്ടും കണ്ടെത്തിയതോടെ മരിച്ചത് ശശിധരയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. തുടയെല്ല് ഫോറന്‍സിക് പരിശോധനക്കായി കൊണ്ടുപോകുകയും ചെയ്തു. മറ്റവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനായി ബന്ധുക്കള്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച വൈകിട്ട് ശശിധരയുടെ ബന്ധു തുടയെല്ല് കണ്ടെത്തിയ സ്ഥലത്ത് നിന്നും 100 മീറ്റര്‍ മാറി തലയോട്ടിയും കണ്ടെത്തിയത്. ഇതിന് സമീപം കാവി പോളിസ്റ്റര്‍ മുണ്ടുമുണ്ടായിരുന്നു. ശശിധരയെ കാണാതാകുമ്പോള്‍ ഈ മുണ്ടാണ് ധരിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതോടെ തലയോട്ടിയും ശശിധരയുടെതാണെന്ന് ബന്ധുക്കളും പോലീസും സ്ഥിരീകരിച്ചിരുന്നു. ആദൂര്‍ പോലീസും പരപ്പ ഫോറസ്റ്റും തലയോട്ടി കണ്ട സ്ഥലത്ത് വിശദമായ പരിശോധന നടത്തി.
0 Comments