മാര്‍ക്ക് ദാന വിവാദം: സര്‍വകലാശാലകള്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ കെടി ജലീലിന് ക്ലീന്‍ ചീറ്റ്

മാര്‍ക്ക് ദാന വിവാദം: സര്‍വകലാശാലകള്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ കെടി ജലീലിന് ക്ലീന്‍ ചീറ്റ്





സാങ്കേതിക സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന് ക്ലീന്‍ ചീറ്റ്.

റിപ്പോര്‍ട്ട് മന്ത്രിക്ക് അനുകൂലമായാണ് തയാറാക്കിയിരിക്കുന്നത്. ഗവര്‍ണര്‍ക്കാണ് സര്‍വകലാശാല റിപ്പോര്‍ട്ട് നല്‍കിയത്. മന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണം ശരിവെക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ട്. എംജി സര്‍വകലാശാലയും കഴിഞ്ഞ ദിവസം കെടി ജലീലിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കെടി ജലീലിനെതിരെ മാര്‍ക്ക് ദാന ആരോപണവുമായി രംഗത്തെത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു.കോട്ടയത്ത് എംജി സര്‍വകലാശാലയില്‍ ഈ വര്‍ഷം ഫെബ്രുവരി നടത്തിയ അദാലത്തിന്റെ മറവിലാണ് മാര്‍ക്ക് ദാനം നടന്നിരിക്കുന്നത്.

കോതമംഗലത്തെ സ്വാശ്രയ എഞ്ചിനിയറിംഗ് കോളജിലെ ബിടെക് വിദ്യാര്‍ത്ഥിനിയെ കോട്ടയത്ത് നടന്ന അദാലത്തില്‍ മന്ത്രിയുടെ ഇടപെടലിലൂടെ മേഡറേഷന്‍ നല്‍കി വിജയിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സര്‍വകലാശാല ഉദ്യോഗസ്ഥരും ജോയന്റ് രജിസ്ട്രാറും വൈസ് ചാന്‍സിലറും നിരസിച്ച അപേക്ഷയിലാണ് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചട്ടങ്ങള്‍ ലംഘിച്ച് ഇടപെടല്‍ നടത്തിയിരിക്കുന്നത് എന്നായിരുന്നു ആരോപണം.

സര്‍വകലാശാലയുടെ അക്കാദമിക് കാര്യങ്ങളില്‍ ഇടപെടാന്‍ മന്ത്രിക്ക് അധികാരമില്ല. മന്ത്രി നടത്തിയത് അധികാരദുര്‍വിനിയോഗമെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മന്ത്രി രാജി വെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് ക്രമവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

സാങ്കേതിക എഞ്ചിനിയറിംഗ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിക്ക് മാര്‍ക്ക് കൂട്ടിനല്‍കാന്‍ മന്ത്രി ഇടപെട്ടത് നേരത്തെ വിവാദമായിരുന്നു. മാനുഷിക പരിഗണന നല്‍കിയാണ് ഇടപെട്ടതെന്നായിരുന്നു അന്ന് മന്ത്രിയുടെ വിശദീകരണം.

Post a Comment

0 Comments