ഷാനവാസിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ശക്തമാക്കി

ഷാനവാസിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ശക്തമാക്കി


കാസര്‍കോട്: ഉളിയത്തടുക്കയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ഷൈന്‍കുമാര്‍ എന്ന ഷാനവാസിന്റെ(27)മരണം കൊലപാതകമാണെന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.  കഴിഞ്ഞ   ദിവസം ഉച്ചയോടെയാണ് ഷാനവാസിന്റെ മൃതദേഹം കാസര്‍കോട് ആനവാതുക്കല്‍ റോഡിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ  മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കാസര്‍കോട്, വിദ്യാനഗര്‍ പോലീസ് സ്റ്റേഷനുകളിലടക്കം  നിരവധി കേസുകളില്‍ പ്രതിയായ ഷാനവാസിന് നിരവധി ശത്രുക്കള്‍ ഉണ്ടായിരുന്നതായാണ് പൊലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചത്. ഷാനവാസിനെ വിദ്യാനഗര്‍ പോലീസ് നേരത്തെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.എറണാകുളത്തെ ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്തുവരികയായിരുന്നു ഷാനവാസ്. മൂന്നു വര്‍ഷം മുമ്പുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ടുണ്ടായ കേസിന്റെ ആവശ്യത്തിനായി കഴിഞ്ഞ മാസം നാട്ടിലെത്തിയതായിരുന്നു. സെപ്തംബര്‍ 25ന് കോടതിയില്‍ ഹാജരായതിനു ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം  ബൈക്കില്‍ പോയ ഷാനവാസ് പിന്നീട് താമസസ്ഥലത്ത് മടങ്ങിയെത്തിയില്ല. യുവാവിനെ കാണാതായ സംഭവത്തില്‍ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഷാനവാസിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.

Post a Comment

0 Comments