കുഞ്ഞിന്റെ മരണത്തിലെ ദുരൂഹത നീങ്ങിയില്ല; മാതാവിന്റെ മൊഴി മജിസ്‌ത്രേട്ട് രേഖപ്പെടുത്തി

കുഞ്ഞിന്റെ മരണത്തിലെ ദുരൂഹത നീങ്ങിയില്ല; മാതാവിന്റെ മൊഴി മജിസ്‌ത്രേട്ട് രേഖപ്പെടുത്തി


കാസര്‍കോട്: രണ്ടുവയസുള്ള കുഞ്ഞ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട്  മാതാവില്‍ നിന്ന് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തി. പെരുമ്പളക്കടവ് റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന റുമൈസയുടെ മൊഴിയാണ് മജിസ്‌ത്രേട്ട് രേഖപ്പെടുത്തിയത്. റുമൈസ ആശുപത്രിയില്‍ ചികിത്സയിലാണ്. റുമൈസയുടെ മകള്‍ ഫാത്തിമത്ത് മിസ്‌വയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.  അബോധാവസ്ഥയിലായ റുമൈസയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഖബറടക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ മരണം സംബന്ധിച്ചുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്താനാകൂവെന്ന് പോലീസ് പറഞ്ഞു.  മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പോലീസ് പറഞ്ഞു. കുട്ടിക്ക് വിഷം നല്‍കിയ ശേഷം റുമൈസയും വിഷം കഴിച്ചതായാണ് പോലീസ് സംശയിക്കുന്നത്. താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് റുമൈസ ഡോക്ടര്‍മാരെ അറിയിച്ചതായാണ് വിവരം. റുമൈസയും ഭര്‍ത്താവും അടുത്തകാലത്തായി അകന്നാണ് കഴിയുന്നത്. റുമൈസ വിഷം കഴിച്ചുവെന്ന് സംശയിക്കുന്ന ദിവസം ഭര്‍ത്താവിന്റെ ഫോണ്‍ വിളിവന്നിരുന്നതായും കുട്ടിയെ തനിക്ക് വേണമെന്ന് പറഞ്ഞതായും വിവരം ലഭിച്ചിട്ടുണ്ട്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

Post a Comment

0 Comments