
കാസര്‍കോട്: കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ സി ബി ഐ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ പ്രഥമിക നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ അന്വേഷണരേഖകള്‍ പരിശോധിച്ചു. തുടര്‍ അന്വേഷണത്തിനാവശ്യമായ വിവരങ്ങളും ശേഖരിച്ചു. സി ബി ഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലാണ് ഇരട്ടക്കൊലക്കേസില്‍ അന്വേഷണം ആരംഭിച്ചത്. മുന്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രവും പ്രാഥമിക വിവരങ്ങളും അടങ്ങിയ മറ്റ് രേഖകളും എറണാകുളത്തെ സി ബി ഐ കോടതിയിലേക്ക് മാറ്റാനുള്ള അപേക്ഷ സി ബി ഐ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനു പുറമെ ഇരട്ടക്കൊലക്കേസിന്റെ എഫ് ഐ ആര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതിന്റെ പകര്‍പ്പ് സി ജെ എം കോടതിക്ക് കൈമാറുകയും ചെയ്തു. കാസര്‍കോട്ട് ക്യാമ്പ് ചെയ്ത സി ബി ഐ ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി നേരത്തെയുള്ള കേസന്വേഷണത്തിന്റെ രേഖകള്‍ പരിശോധിക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്ല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഹൈക്കോടതി സി ബി ഐക്ക് വിട്ടത് സെപ്തംബര്‍ 30നാണ്.എന്നാല്‍ കേരളാ പോലീസ് അന്വേഷണ ഫയലുകള്‍ സി ബി ഐക്ക് കൈമാറിയിരുന്നില്ല. ഇതോടെ അന്വേഷണം അനിശ്ചിതത്വത്തിലാവുകയും ചെയ്തു. ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഡി ജി പിക്കും കേരളാ പോലീസിനുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തുകയും ചെയ്തതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. സി ബി ഐ അടുത്തഘട്ടമായി സംഭവ സ്ഥലം സന്ദര്‍ശിച്ച് ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളും ബന്ധുക്കളും അടക്കമുള്ള പ്രധാന സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. ഇരട്ടകൊലപാതകത്തില്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണത്തിന് വിധേയരായ പ്രമുഖ സി പി എം നേതാക്കളെ സി ബി ഐ ചോദ്യം ചെയ്യും. 2019 ഫെബ്രുവരി 17ന് രാത്രിയാണ് കല്ല്യോട്ട് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
0 Comments