By Meera Nandan
Editor, Media Plus News
Published: തിങ്കളാഴ്‌ച, നവംബർ 18, 2019
തിങ്കളാഴ്‌ച, നവംബർ 18, 2019


ന്യൂഡല്‍ഹി: സനാതന ധര്‍മം കാത്തുസൂക്ഷിക്കുന്നതിനായി ഹിന്ദുക്കള്‍ കുട്ടികളുടെ പിറന്നാളിന് കേക്ക് മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. കുട്ടികളെ രാമായണം, ഗീത, ഹനുമാന്‍ ചാലിസ എന്നിവ പഠിപ്പിക്കണം.

സനാതന ധര്‍മവും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കുമെന്ന് കാളിയുടെ പേരില്‍ പ്രതിജ്ഞ ചെയ്യണമെന്നും കേന്ദ്രമന്ത്രി പറഞ്ഞതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന.

കേക്ക് മുറിക്കില്ലെന്നും മെഴുകുതിരികള്‍ കത്തിക്കില്ലെന്നും പ്രതിജ്ഞ ചെയ്യണം. ക്ഷേത്രങ്ങളില്‍ പോയി ശിവനെയും കാളിയെയും പ്രാര്‍ത്ഥിക്കുകയാണു ചെയ്യേണ്ടത്. നല്ല ഭക്ഷണമുണ്ടാക്കുകയും ജനങ്ങള്‍ക്കു മധുരം വിതരണം ചെയ്യുകയും വേണം. മെഴുകുതിരികള്‍ക്കു പകരം മണ്‍ചിരാതുകള്‍ കത്തിക്കണം. മിഷനറി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ സനാതന ധര്‍മത്തിനു പകരം ക്രിസ്ത്യന്‍ ജീവിത രീതിയാണു പഠിക്കുന്നത്.

മാത്രമല്ല മറ്റു മതങ്ങളില്‍ ജനങ്ങള്‍ ഞായറാഴ്ച പള്ളികളില്‍ പോകുന്നു. വെള്ളിയാഴ്ച പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ മതത്തില്‍ ക്രിസ്തുവിന്റെ പ്രതിമ സ്ഥാപിച്ച മിഷനറി സ്‌കൂളില്‍ കുട്ടികള്‍ക്ക് അഡ്മിഷന്‍ എടുക്കുന്നു. തിരിച്ചുവന്ന് അവര്‍ അമ്മമാരോടു നെറ്റിയില്‍ തിലകക്കുറി വേണ്ടെന്ന് പറയുമെന്നും സനാതന ധര്‍മ സംരക്ഷണത്തിനായി നമ്മളെല്ലാവരും മുന്നോട്ടുവരണമെന്നും ഗിരിരാജ് സിങ് വ്യക്തമാക്കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ