കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒന്നാം ദിവസം കടുത്ത ഗതാഗതക്കുരുക്കിൽ മത്സരാർഥികളും ആസ്വാദകരും വലഞ്ഞു. രാവിലെ ഒമ്പതു മണിക്ക് ശേഷം കലോത്സവത്തിന് തിരിതെളിയുന്ന പ്രധാന വേദിക്ക് സമീപം വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പപെട്ടത്. പിന്നെ പലയിടത്തും മത്സരാർഥികൾക്ക് എത്തിച്ചേരാനാവാതെ വരികയും ചെയ്തു. ഇത് മത്സരങ്ങൾ വൈകാനും കാരണമായി. വേദി രണ്ടിൽ പലർക്കും പലതവണ അന്ത്യശാസനം നൽകുന്നതും കേൾക്കാമായിരുന്നു.
ദേശീയപാതക്കരികിൽ ഐങ്ങോത്താണ് പ്രധാന വേദി. കാഞ്ഞങ്ങാട് മുതൽ നീലേശ്വരം വരെ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഉദ്ഘാടന ചടങ്ങ് നടക്കുന്ന സമയത്ത് പ്രശ്നം രൂക്ഷമായി. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, സി രവീന്ദ്രനാഥ്, സ്പീക്കർ ശ്രീരാമകൃഷ്ണൻ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി എന്നിവർക്കൊപ്പം നടൻ ജയസൂര്യയും പ്രധാനവേദിയിൽ ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു. വേദിയിൽ നേരത്തേ തന്നെ വൻ ജനാവലിയായിരുന്നു.
ദേശീയപാതയിൽ വലിയ ഗതാഗതക്കുരുക്ക് സംഘാടകർ നേരത്തേ പ്രതീക്ഷിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ വലിയ വാഹനങ്ങൾ ചിത്താരി മുതൽ നീലേശ്വരം വരെ ദേശീയ പാതയിൽനിന്നും വഴി തിരിച്ചു വിടാനായിരുന്നു തീരുമാനം. ഇക്കാര്യം പോലീസ് ഉറപ്പു നൽകിയതുമാണ്. എന്നാൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോഴും വലിയ വാഹനങ്ങൾ ഈ വഴി പോകുന്നുണ്ടായിരുന്നുവെന്ന് സംഘാടക സമിതി അംഗങ്ങൾ തന്നെ പറയുന്നു.
അതിനിടെ രോഗികളുമായി പോകുന്ന ആംബുലൻസുകളും അകപ്പെട്ടു പോകുന്നുണ്ട്. രൂക്ഷമായ ഗതാഗതക്കുരുക്കിൽ പലർക്കും അവസരം നഷ്ടപ്പെട്ടുപോകുമോ എന്ന ഭീതിയുമുയർന്നു.
ഇടുങ്ങിയ ഒരു വാഹനം മാത്രം പോകുന്ന വഴികളാണ് പല വേദികളിലേക്കുമുള്ളത്. ഇത് വൺവേ ആക്കി പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യമുയരുന്നത്. .
0 Comments