ഉപ്പളയില്‍ വീണ്ടും ഗുണ്ടാ ആക്രമണം;ഹെല്‍മറ്റ് കൊണ്ട് മുഖം മറച്ചെത്തിയ സംഘത്തിന്റെ വെട്ടേറ്റ് യുവാവിന് ഗുരുതരം

LATEST UPDATES

6/recent/ticker-posts

ഉപ്പളയില്‍ വീണ്ടും ഗുണ്ടാ ആക്രമണം;ഹെല്‍മറ്റ് കൊണ്ട് മുഖം മറച്ചെത്തിയ സംഘത്തിന്റെ വെട്ടേറ്റ് യുവാവിന് ഗുരുതരം
മഞ്ചേശ്വരം; ഉപ്പളയില്‍ വീണ്ടും ഗുണ്ടാസംഘത്തിന്റെ ആക്രമണം.  ഹെല്‍മറ്റ് കൊണ്ട് മുഖം മറച്ച് ആള്‍ട്ടോ കാറിലെത്തിയ സംഘം സ്‌കൂട്ടര്‍  തടഞ്ഞ് യുവാവിനെ വെട്ടിപരുക്കേല്‍പ്പിച്ചു. ഉപ്പള  പള്ളിക്ക് സമീപത്തെ മുഹമ്മദ് ഹനീഫ(33)ക്കാണ് വെട്ടേറ്റത്. ഹനീഫയെ ഗുരുതരനിലയില്‍  മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി  ഉപ്പള ടൗണിലാണ് സംഭവം. ഹനീഫ ജിമ്മില്‍ നിന്ന് വ്യായാമം കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോള്‍  ആള്‍ട്ടോ കാറിലെത്തിയ സംഘം സ്‌കൂട്ടര്‍  തടയുകയും ഹെല്‍മറ്റ് ധരിച്ച രണ്ടുപേര്‍ ഹനീഫയെ കൈക്കും കാലിനും വെട്ടിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു. സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട്  ഓടിയ ഹനീഫ ഹെല്‍ത്ത് കെയര്‍ ആശുപത്രിക്ക് സമീപം തളര്‍ന്ന് വീഴുകയായിരുന്നു. നാട്ടുകാരാണ് ഹനീഫയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവമറിഞ്ഞ് മഞ്ചേശ്വരം പോലീസെത്തി  പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി കാലങ്ങളില്‍ ഉപ്പളയില്‍ ഗുണ്ടാവിളയാട്ടം പതിവായതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.  രണ്ടുമാസംമുമ്പ് മിയാപദവിലെ ഫൈസലിനെ ഗുണ്ടാസംഘം ബൈക്ക് തടഞ്ഞ് വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. ഇതിന് ശേഷം  പത്വാടി റോഡില്‍ പ്രവീണ്‍ എന്ന യുവാവും ഗുണ്ടാ ആക്രമണത്തിനിരയായി.  ഈ കേസുകളിലെ പ്രതികളെ പിടികൂടാന്‍ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല.ക്രമസമാധാനപാലനത്തിനായി ഉപ്പളയില്‍ ഒരുബസ് നിറയെ പോലീസുകാരെ നിയോഗിച്ചെങ്കിലും പ്രയോജനമില്ലാത്ത സ്ഥിതിയാണ്. പോലീസ് ബസ് നില്‍ക്കുന്ന സ്ഥലത്തിന് സമീപത്തെ രണ്ടു കടകളില്‍ നിന്നായി ഒരു മാസം മുമ്പ് ലക്ഷങ്ങളുടെ വസ്ത്രങ്ങള്‍ കവര്‍ന്നിരുന്നു. രാത്രികാല പരിശോധന കര്‍ശനമാക്കിയാല്‍ മാത്രമേ ഗുണ്ടാവിളയാട്ടത്തിന് ഒരു പരിധിവരെയെങ്കിലും തടയിടാനാകൂവെന്ന് നാട്ടുകാര്‍ പറയുന്നു.

Post a Comment

0 Comments