
ബദിയടുക്ക: വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ബെള്ളൂര്‍ പള്ളപ്പാടി പൊടിക്കളം സ്വദേശിയും നെല്ലിക്കട്ടയില്‍ താമസക്കാരനുമായ ടി എം അബ്ദുല്‍ഖാദറിനെയാണ് (41) ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയായ സുള്ള്യ ഗാന്ധിനഗര്‍ സ്വദേശിയും നെല്ലിക്കട്ട ബേര്‍ക്ക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായജി ബഷീറിനെ (37) കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബഷീര്‍ മോഷ്ടിച്ചു കൊണ്ടുവരുന്ന സ്വര്‍ണാഭരണങ്ങള്‍ കര്‍ണാടകയിലും കാസര്‍കോട്ടുമായി വില്‍പ്പന നടത്തി പണം സ്വരൂപിക്കാന്‍ സഹായം നല്‍കുന്നത് അബ്ദുല്‍ ഖാദറാണെന്ന് പോലീസ് പറഞ്ഞു. രണ്ട് പ്രതികളെയും കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കാനത്തൂര്‍ മുച്ചിരക്കുളത്തെ ലളിതയുടെ സ്വര്‍ണമാല തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് ബഷീറും അബ്ദുല്‍ ഖാദറും പിടിയിലായത്. ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് മാല മോഷണകേസുകള്‍ക്ക് പുറമെ ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് മാല മോഷണ കേസുകളുമായും പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി. ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുമ്പഡാജെ പാഡൂരിനടുത്തുള്ള മുക്കൂറില്‍ താമസിക്കുന്ന മഹാലിംഗ മുവാരിയുടെ ഭാര്യ ഭാഗിയുടെ സ്വര്‍ണമാല മോഷ്ടിച്ചത് ബഷീറാണ്. 2019 ഒക്‌ടോബര്‍ ഒന്നിന് വീടിന് സമീപത്തെ ഷെഡില്‍ ഇരിക്കുമ്പോള്‍ സ്‌കൂട്ടറില്‍ എത്തിയ ബഷീര്‍ വെള്ളം ആവശ്യപ്പെടുകയായിരുന്നു. ഭാഗി വെള്ളവുമായി വന്നപ്പോള്‍ ബഷീര്‍ മാല പൊട്ടിച്ചെടുത്ത് സ്‌കൂട്ടറില്‍ സ്ഥലം വിടുകയാണുണ്ടായത്. 2019 ഒക്‌ടോബര്‍ 27ന് റോഡരികില്‍ പുല്ലരിയുകയായിരുന്ന നെക്രാജെ ആലങ്കോട്ടെ ഗീതാ മണിയുടെ മൂന്ന് പവന്റെ സ്വര്‍ണമാല തട്ടിയെടുത്തതും ബഷീറാണെന്ന് വ്യക്തമായി. ഈ മാലകളും വില്‍പന നടത്താന്‍ ബഷീറിനെ സഹായിച്ചത് അബ്ദുല്‍ ഖാദറാണ്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ ഹരജി നല്‍കി.
0 Comments