തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ കോടികള്‍ മുടക്കി കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരെ സംസ്ഥാന സര്‍ക്കാര്‍ വിദേശത്ത് നേതൃപാടവ പരിശീലനത്തിന് അയക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം ഇതിനുള്ള ഉത്തരവിറക്കി. 70 സര്‍ക്കാര്‍ കോളേജുകളിലെ ചെയര്‍മാന്‍മാരെയാണ് പരിശീലനത്തിന് ലണ്ടനിലേക്ക് അയക്കുന്നത്.
ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സംസ്ഥാന ഖജനാവില്‍ നിന്നാണ് യാത്രയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത്. നേതൃത്വ പാടവം മെച്ചപ്പെടുത്താന്‍ രാജ്യത്ത് തന്നെ വിവിധ പരീശീലനസ്ഥാപനങ്ങള്‍ ഉള്ളപ്പോഴാണ് ഈ ധൂര്‍ത്ത്. അടുത്തമാസമാണ് വിദേശയാത്ര.മന്ത്രിമാരുടെ വിദേശയാത്ര വിവാദത്തിനിടെയാണ് കോടികള്‍ മുടക്കി കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരെ വിദേശത്തേയ്ക്കയക്കുന്നത്.
സംസ്ഥാനത്ത് കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരെ വിദേശത്തേക്ക് പരിശീലനത്തിന് അയക്കുന്നത് ഇതാദ്യമായാണ്. കാര്‍ഡിഫ് സര്‍വ്വകലാശാലയില്‍ പരിശീലനത്തിനായി ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ചെയര്‍മാന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് ഉത്തരവിറക്കി. പാസ്‌പോര്‍ട്ട് വിവരം അടക്കം നല്‍കാനാണ് നിര്‍ദ്ദേശം. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഫ്‌ലെയര്‍ എന്ന നൂതന വിഭാഗത്തിന്റെ ഭാഗമായി ലീഡ് ഇന്‍ഡെക്ഷന്‍ പരിശീലനമെന്ന നിലക്കാണ് വിദേശയാത്ര.
നിലവില്‍ സര്‍ക്കാര്‍ കോളേജ് ചെയര്‍മാന്‍മാരില്‍ ബഹുഭൂരിപക്ഷവും എസ്എഫ്‌ഐ നേതാക്കള്‍. ചുരുക്കി പറഞ്ഞാല്‍ എസ്ഫ്‌ഐ നേതാക്കള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഒരു ലണ്ടന്‍യാത്ര.
0 Comments