കാസര്‍കോട് ജില്ലയുടെ വികസനസ്വപ്‌നങ്ങള്‍ ചിറകുവിരിക്കുന്നു; പെരിയയില്‍ ചെറുവിമാനതാവളത്തിന് കേന്ദ്രാനുമതി

കാസര്‍കോട് ജില്ലയുടെ വികസനസ്വപ്‌നങ്ങള്‍ ചിറകുവിരിക്കുന്നു; പെരിയയില്‍ ചെറുവിമാനതാവളത്തിന് കേന്ദ്രാനുമതി



കാഞ്ഞങ്ങാട്; കാസര്‍കോട് ജില്ലയുടെ വികസന സ്വപ്‌നങ്ങള്‍ ആകാശത്തോളം ഉയര്‍ത്തി  പെരിയയില്‍ ചെറുവിമാനത്താവളം യാഥാര്‍ഥ്യമാകുന്നു. 8, 12, 22, 72 വരെ ആളുകള്‍ക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനങ്ങള്‍ ഇറങ്ങാനും പോകാനുമുള്ള എയര്‍സ്ട്രിപ്പ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍  അനുമതി നല്‍കിയതായി മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ഗതാഗതവകുപ്പ് സെക്രട്ടറി ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരാണ് സ്ഥലം ഏറ്റെടുത്തു നല്‍കേണ്ടത്. ഇതു സംബന്ധിച്ച സര്‍വ്വേ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്. 80.41 ഏക്കര്‍ സ്ഥലമാണ് ചെറുവിമാനതാവളത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കും വേണ്ടത്. ഇതില്‍ 54.12 ഏക്കര്‍  റവന്യൂ ഭൂമി നിലവിലുണ്ട്. ബാക്കിവരുന്ന 26.29  ഭൂമി വില കൊടുത്ത് വാങ്ങേണ്ടിവരും. കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി സ്ഥലം വാങ്ങാനാവുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്ന നടപടി എത്രയും  വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബേക്കല്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് പെരിയ വില്ലേജിലെ കനിയംകുണ്ടിലാണ് എയര്‍സ്ട്രിപ്പ് സ്ഥാപിക്കുന്നത്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ (സി ഐ എ എല്‍) വിദഗ്ധ സംഘം നേരത്തെ പ്രസ്തുത സ്ഥലം സന്ദര്‍ശിച്ച് ചെറുവിമാനതാവളത്തിന് അനുയോജ്യമാണെന്ന്  ഉറപ്പ് വരുത്തിയിരുന്നു. മഹീന്ദ്ര ആന്റ് മഹീന്ദ്ര കമ്പനി പ്രതിനിധി കെ എന്‍ ജി  നായര്‍  എയര്‍സ്ട്രിപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായും ജില്ലാ കലക്ടറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 75 കോടി രൂപയാണ് വിമാനത്താവള നിര്‍മാണത്തിന് വേണ്ടിവരിക. 1400 മീറ്റര്‍ നീളവും 30 മീറ്റര്‍  വീതിയുമുള്ള റണ്‍വെയാണ് ഇതിനുവേണ്ടി നിര്‍മിക്കേണ്ടിവരിക. സ്വകാര്യ സംരംഭകരും പ്രവാസികളും വ്യക്തികളും കമ്പനികളും വിമാനത്താവള നിര്‍മാണവുമായി  സഹകരിക്കാന്‍ മുമ്പോട്ട് വന്നിട്ടുണ്ട്. ബംഗളൂരു, തിരുവനന്തപുരം, ഗോവ, മുംബൈ, അഹമ്മദാബാദ്, ലക്‌നൗ, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, ജയ്പൂര്‍ തുടങ്ങിയ പ്രമുഖ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തരസര്‍വ്വീസ് നടത്താനും ആലോചനയുണ്ട്. ബേക്കല്‍ അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രം, പെരിയ കേന്ദ്ര സര്‍വ്വകലാശാല എന്നിവിടങ്ങളിലേക്ക് എത്തുന്നവര്‍ക്കും വിമാനത്താവളം ഏറെ ഗുണം ചെയ്യും.

Post a Comment

0 Comments