
ന്യൂഡല്‍ഹി : ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനി നെസ്‌ലെയ്ക്ക് പിഴ. ജിഎസ്ടി നികുതി നിരക്കുകള്‍ വഴി കൊള്ളലാഭം കൊയ്യാന്‍ ശ്രമിച്ചതിന് 90 കോടി പിഴയാണ് കൊള്ളലാഭ വിരുദ്ധ ദേശീയ ഏജന്‍സി ചുമത്തിയിരിക്കുന്നത്. മാഗി, കിറ്റ്കാറ്റ്, മഞ്ച്, നെസ്‌കഫെ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന നെസ്‌ലെ ഇതിനോടകം 16 കോടി ഉപഭോക്തൃ ക്ഷേമ ഫണ്ടിലേക്ക് കമ്പനി ഗഡുക്കളായി കഴിഞ്ഞ വര്‍ഷം മുതല്‍ നല്‍കുന്നുണ്ട്. ഇനി അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 73 കോടി കൂടി കമ്പനി നല്‍കണം.
ചില കാറ്റഗറികളില്‍ സ്റ്റോക് കീപ്പിംഗ് തലത്തില്‍ ജിഎസ്ടി റേറ്റ് കുറച്ചതിന്റെ ഗുണഫലം ആവശ്യത്തില്‍ കൂടുതല്‍ ഏര്‍പ്പെടുത്തിയപ്പോള്‍ മറ്റ് ചിലതില്‍ തീരെ ഏര്‍പ്പെടുത്തിയില്ല. ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴിയാണ് സ്വീകരിക്കേണ്ടിയിരുന്നതെന്നും നികുതി നിരക്കില്‍ കുറവ് വരുന്നതിന്റെ ഗുണഫലം അടിസ്ഥാനപരമായി ഉപഭോക്താവിന് ഉല്‍പ്പന്നം കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന തരത്തിലാവണമെന്നും ഉത്തരവില്‍ പറയുന്നു. ജിഎസ്ടി നികുതി നിരക്കുകളില്‍ കുറവ് വന്നപ്പോള്‍ നെസ്‌ലെ വില നിര്‍ണ്ണയത്തിനായി സ്വീകരിച്ച വഴി കൊള്ളലാഭം കൊയ്യാനുള്ളതായിരുന്നുവെന്നാണ് ദേശീയ ഏജന്‍സി കണ്ടെത്തിയത്.തങ്ങള്‍ ജിഎസ്ടിയുടെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നുവെന്നായിരുന്നു നെസ്‌ലെ ഇന്ത്യയുടെ വിശദീകരണം. എന്‍എഎ ഉത്തരവ് പഠിച്ച ശേഷം ആവശ്യമായ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും നികുതി നിരക്ക് കുറച്ചതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ഞങ്ങള്‍ സ്വീകരിച്ച വഴി എന്‍എഎ അംഗീകരിക്കാത്തതില്‍ ഖേദമുണ്ടെന്നും നെസ്‌ലെ വ്യക്തമാക്കി.
0 Comments