
ഗുവാഹത്തി: പ്രതിപക്ഷ പ്രതിഷേധവും ഭരണഘടനയും മാനിക്കാതെ പൗരത്വ ഭേദഗതി നിയമം പാസാക്കിയ നടപടി ബി.ജെ.പിയെ തിരിച്ചടിക്കുന്നു. നിയമം പാര്‍ലമെന്റില്‍ പാസാക്കിയതോടെ അസമില്‍ ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുകയാണ്. അസം ഗണ പരിഷത്തുമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയുടെ പല നേതാക്കളും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളും പാര്‍ട്ടി അംഗത്വവും രാജിവെച്ചു.
മുതിര്‍ന്ന ബി.ജെ.പി നേതാവും അസം പെട്രോകെമിക്കല്‍ ലിമിറ്റഡ് ചെയര്‍മാനുമായ ജഗദീഷ് ഭൂയന്‍ ഇന്നലെ തന്റെ പാര്‍ട്ടി അംഗത്വവും ബോര്‍ഡ് സ്ഥാനവും രാജിവെച്ചു.
‘പൗരത്വനിയമം അസം ജനതയ്‌ക്കെതിരാണ്. ഞാന്‍ രാജിവെക്കുന്നു. ഈ നിമിഷം മുതല്‍ പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭത്തില്‍ ഞാനും ഭാഗമാണ്.’
നേരത്തെ അസമിലെ പ്രശസ്തന നടനും അസം സിനിമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജതിന്‍ ബോറയും രവി ശര്‍മ്മയും ബി.ജെ.പി വിട്ടിരുന്നു.
‘ഞാന്‍ ഞാനായതിന് കാരണം അസം ജനതയാണ്. എനിക്ക് ലഭിച്ച സ്ഥാനവും പാര്‍ട്ടി അംഗത്വും രാജിവെക്കുകയാണ്. ജനങ്ങള്‍ക്കൊപ്പം ഞാനുമുണ്ടാകും’- ജതിന്‍ ബോറ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്ന സംശയങ്ങളും ആശങ്കകളും പ്രതിഷേധങ്ങളും അടിസ്ഥാനരഹിതമല്ലെന്ന് അസം സ്പീക്കര്‍ ഹിതേന്ദ്ര നാഥ് ഗോസ്വാമിയും വ്യക്തമാക്കിയിരുന്നു.
വിവിധ ജാതികള്‍ക്കും സമുദായങ്ങള്‍ക്കും ഭാഷകള്‍ക്കുമിടയില്‍ ഭിന്നത സൃഷ്ടിക്കുന്നതിനുള്ള ശക്തമായ സാധ്യത ഇത്തരമൊരു നിയമത്തിന് പിന്നില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ജനങ്ങളുടെ ആശങ്കയും പ്രതിഷേധവും പരാതികളും പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയാണെന്നും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തുന്നതിന് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ സ്പീക്കര്‍ പുലകേഷ് ബോഹ്‌റയും ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചിട്ടുണ്ട്. അസം ജനതയുടെ വികാരം മാനിക്കാതെയാണ് പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രസര്‍ക്കാരും ബി.ജെ.പി നേതൃത്വവും മുന്നോട്ടുപോയതെന്നാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളില്‍ ഭൂരിഭാഗം പേരുടേയും അഭിപ്രായം.
0 Comments