
ബേക്കൽ: ഡിസംബര്‍ 24 മുതല്‍ ഡിസംബര്‍ ഒന്നുവരെ സംഘടിപ്പിക്കുന്ന ബേക്കല്‍ കാര്‍ഷീക പുഷ്പ മേള കാസര്‍കോടിന് പുത്തന്‍ അനുഭവമാകും. കണ്ണിന് കുളിരേകുന്ന മനോഹര കാഴ്ചകളാല്‍ നിറഞ്ഞ കാസര്‍കോടിന്റെ ടൂറിസം സാധ്യതകള്‍ക്ക് നിറം നല്‍കുന്ന മേളയാകും വരാനിരിക്കുന്നത്. നാളിതുവരെ കണ്ടു വന്ന ബേക്കലിന്റെ സൗന്ദര്യത്തെ ഒന്നുകൂടി പൊലിപ്പിക്കുന്ന തരത്തില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോയും പൂക്കളുടേയും ഫലങ്ങളുടേയും കാര്‍ഷിക ഉത്പന്നങ്ങളുടേയും പ്രദര്‍ശനവുമെല്ലാം ചേര്‍ന്ന് മേളയ്ക്ക് തിളക്കമേറും.
ബേക്കല്‍ കാര്‍ഷിക പുഷ്പ മേള: മത്സരങ്ങള്‍ സംഘടിപ്പിക്കും
ബേക്കല്‍ കാര്‍ഷിക- പുഷ്പ മേള പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ചിത്രകാരന്‍ന്മാരെ അണി നിരത്തി പോസ്റ്റര്‍ രചനാ മത്സരം, കാസര്‍കോടിന്റെ സാംസ്‌കാരിക പൈതൃകം നിറയുന്ന പ്രമോ വീഡിയോ മത്സരം, അവധി ആഘോഷിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പേപ്പറും പാഴ് വസ്തുക്കളും ഉപയോഗിച്ചുള്ള പൂ നിര്‍മ്മാണ പരിപാടി, നിരവധി ചിത്രകാരന്‍മാര്‍ ചിത്രങ്ങള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തുമ്പോള്‍ അതിന് അകമ്പടിയായി ഗ്രാമീണ കലാകാരന്‍മാരുടെ പാട്ടും ചേര്‍ത്ത് പാട്ടും വരയും പരിപാടി, ലൈവായി മൈലാഞ്ചിയിടല്‍ തുടങ്ങി നിരവധി പരിപാടികളാണ് ഒരുങ്ങുന്നത്.
ജില്ലയില്‍ നടത്തിയ കേരള സ്‌ക്കൂള്‍ കലോത്സവം പോലെ ബേക്കല്‍ ഫെസ്റ്റും ജനകീയ മേളയാകും. പരമാവധി പൊതു ജനങ്ങളെ മേളയുടെ ഭാഗമായി അണിനിരത്താന്‍ സംഘാടകരും തിരക്കിലാണ്. പ്രായഭേദമന്യേ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കുടുംബിനികള്‍ക്കുമെല്ലാം ഇടം നല്‍കുന്ന തരത്തിലായിരിക്കും സംഘാടനം. എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായി ആകര്‍ഷകമായ മത്സരങ്ങളും മേളയില്‍ നിറയും.
കാസര്‍കോടന്‍ രുചിയറിയാം
കാസര്‍കോടന്‍ രുചിഭേദങ്ങള്‍ മേളയിലെത്തുന്നവര്‍ക്ക് വിളമ്പാനായി കുടുംബശ്രീയെത്തും. ജില്ലയുടെ തനത് ഭക്ഷ്യ ഇനങ്ങള്‍ മേളയില്‍ സ്ഥാനം പിടിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവമാകും ബേക്കല്‍ കാര്‍ഷിക പുഷ്പമേള. മേളയ്ക്ക് അകമ്പടിയായി ഡിസംബര്‍ 24, 25 തീയ്യതികളില്‍ പള്ളിക്കര ബീച്ചില്‍ നടക്കുന്ന ബീച്ച് ഗെയിംസ് ആകര്‍ഷകമാകും. നയന മനോഹരമായ ലൈറ്റ് വര്‍ക്കുകളും പാട്ടും മേളവും പൂക്കളുടെ നിറപ്പൊലിമയും ചേര്‍ന്ന് കാഴ്ച്ചക്കാര്‍ക്ക് മികച്ച അനുഭവമാകും ബേക്കല്‍ ഫെസ്റ്റ് സമ്മാനിക്കുക.
ബേക്കലില്‍ എത്തുന്ന സഞ്ചാരികളെ എങ്ങനെ കുറച്ച് ദിവസം ജില്ലയില്‍ പിടിച്ചു നിര്‍ത്താം എന്നതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. റാണിപുരം, കൗവ്വായി കായല്‍, വലിയ പറമ്പ, ബേള ചര്‍ച്ച്, തളങ്കര മസ്ജിദ്, അനന്തപുരം ക്ഷേത്രം, പൊസഡി ഗുംപെ, മഞ്ഞംപൊതിക്കുന്ന്, ജൈന ക്ഷേത്രം തുടങ്ങി ജില്ലയിലെ വിവിധങ്ങളായ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും സഞ്ചാരികളിലേക്ക് എത്തിക്കാനും ബേക്കല്‍ ഫെസ്റ്റിലൂടെ കഴിയും. ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ അതിന്റെ തനതായ ശൈലിയില്‍ ഉപയോഗപ്പെടുത്താനുള്ള മികച്ച അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്.
0 Comments