
കാഞ്ഞങ്ങാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായ ദൃശ്യവിസ്മയ കമ്മിറ്റി കൂട്ടായ്മ തുടർന്നു കൊണ്ടുപോവാൻ കാഞ്ഞങ്ങാട് നഗരസഭ ടൗൺ ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ദൃശ്യവിസ്മയ കമ്മിറ്റി ഒരുക്കിയ ദക്ഷിണ സമർപ്പണം, വാദ്യമേളം, മംഗലം കളി, തുടങ്ങിയവയും, ചുള്ളിക്കര ജേസിസുമായി സഹകരിച്ച് സംഘടിപ്പിച്ച 22 കിലോമീറ്റർ മാരത്തണും വൻ ജന ആകർശിച്ചു. ബേക്കൽ റിസോർട്സ് ഡെവലപ്മെൻറ് കോർപ്പറേഷന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച വിസ്മയ സഞ്ചാരം വേറിട അനുഭവമായിരുന്നെന്ന് യോഗം വിലയിരുത്തി. വടക്കൻ കളരിപ്പയറ്റ് പ്രദർശനം, കയാക്കിംഗ് തുടങ്ങിയവയും, ജെന്നി ഫ്ലവേർസുമായി സഹകരിച്ച് സംഘടിപ്പിച്ച ഫോട്ടോ പ്രദർശനവും കലോത്സവ വേദിയിലെത്തിയ പതിനായിരങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റി. വരും കാല കലോത്സവ ദൃശ്യവിസ്മയ സബ് കമ്മിറ്റിക്ക് കൃത്യമായ മാർഗ്ഗരേഖയായിരിക്കും ഈ വർഷത്തെ ദൃശ്യവിസ്മയ കമ്മിറ്റിയുടെ പ്രവർത്തനമെന്ന് വിസ്മയ സഞ്ചാരം പവലിയനിലെത്തിയ മന്ത്രിമാരുൾപ്പെടെയുള്ള പ്രമുഖരുടെ അഭിപ്രായങ്ങൾ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കുള്ള സാക്ഷ്യപത്രമായി വിലയിരുത്തി. 1957ലെ കലോത്സവ വേദിയുടെ പുനർജനിയും, വേദിയിലെത്തിയ പഴയ കാലത്തെയും പുതിയ തലമുറയിലെയും കലാകാരൻമാരുടെ പ്രകടനങ്ങളും, വിദ്യാഭ്യാസ മന്ത്രിയുൾപ്പെടെയുള്ള രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രമുഖരുടെ അനുഭവങ്ങൾ പങ്കുവെച്ചതും പുത്തനനുഭവമായിരുന്നു. ദൃശ്യവിസ്മയ കമ്മിറ്റിക്ക് സംസ്ഥാന വിദ്യാഭ്യാസ ഡയരക്ടർ കെ ജീവൻ ബാബു ഐ എ എസ് തുടങ്ങിയ ഉദ്യോഗസ്ഥ പ്രമുഖരുടെയും, മന്ത്രിമാരായ കെ ചന്ദ്രശേഖരൻ, സി രവീന്ദ്രനാഥ്, നഗരസഭ ചെയർമാൻ വി വി രമേശൻ, പത്ര ദൃശ്യമാധ്യമ പ്രവർത്തകർ, പന്തൽ കമ്മിറ്റി, പ്രാേഗ്രാം കമ്മിറ്റി, വിവിധ തരത്തിൽ കമ്മിറ്റിയുമായി സഹകരിച്ച ബി ആർ ഡി സി, വ്യാപാര സ്ഥാപനമായ ഇ പ്ലാനെറ്റ്, തബാസ്കോ ബിൽഡേർസ്, ആർട് ഫോറം, തുടങ്ങിയവരുടെ പിന്തുണക്ക് കൃതജ്ഞത രേഖപ്പെടുത്തി. ദൃശ്യവിസ്മയവിരുന്നൊരുക്കുന്നതിന് നിസ്വാർത്ഥ സേവനം നൽകിയ സബ് കമ്മിറ്റി മെമ്പർമാർ, കലാകാരൻമാർ തുടങ്ങിയവരെ പ്രത്യേകം അനുമോദിച്ചു. ചെയർമാനും സംസ്ഥാന സ്കൂൾ കലോത്സവ സംഘാടക സമിതി രക്ഷാധികാരിയുമായ വി വി രമേശന് അതുല്യ സംഘാടക പ്രതിഭ പുരസ്കാരവും, സബ് കമ്മിറ്റിയംഗങ്ങൾക്ക് പ്രത്യേക ഉപഹാരവും നൽകി ആദരിച്ചു.ദൃശ്യവിസ്മയകമ്മിറ്റി ചെയർപേഴ്സൺ ഇ പത്മാവതി, കൺവീനർ സുകുമാരൻ പെരിയച്ചൂർ, വൈസ് ചെയർമാൻ പി എം അബ്ദുൽ നാസ്സർ, ജോയിന്റ് കൺവീനർ ദിനേശ് മാവുങ്കാൽ തുടങ്ങിയവർ നേതൃത്വം നൽകി. പ്രസ് ഫോറം പ്രസിഡന്റ് ഇ.വി ജയകൃഷ്ണൻ, സിക്രട്ടറി ടി കെ നാരായണൻ, മുതിർന്ന പത്രപ്രവർത്തകൻ എൻ.ഗംഗാധരൻ, , സുരേഷ് മോഹൻ, ഉണ്ണി കാട്ടുകുളങ്ങര,ജിതീഷ് രാംനഗർ സംസാരിച്ചു. ദൃശ്യവിസ്മയ കമ്മിറ്റിയുടെ വരവ് ചെലവ് കണക്കുകളും, പ്രവർത്തന റിപ്പോർട്ടും കൺവീനർ സുകുമാരൻ പെരിയച്ചൂർ അവതരിപ്പിച്ചത് യോഗം അംഗീകരിക്കുകയും, സബ് കമ്മിറ്റിയുടെ പ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിക്കുകയും ചെയ്തു. മികച്ച പ്രവർത്തനത്തിന് കലോത്സവ സംഘാട സമിതി നൽകിയ ഉപഹാരം കാഞ്ഞങ്ങാട് നഗരസഭയിൽ സൂക്ഷിക്കാനും, വരും വർഷങ്ങളിൽ കാഞ്ഞങ്ങാടിന്റെ സാംസ്കാരിക മേഖലയിൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകുന്നതിന് വേണ്ടി ദൃശ്യവിസ്മയ കൂട്ടായ്മ തുടരാനും തീരുമാനിച്ചു.
0 Comments