മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ അനുവദിക്കരുത് - റിമ കല്ലിങ്കല്‍

LATEST UPDATES

6/recent/ticker-posts

മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ അനുവദിക്കരുത് - റിമ കല്ലിങ്കല്‍



കൊച്ചി: രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ അനുവദിക്കരുതെന്ന് നടിയും നിര്‍മ്മാതാവുമായ റിമ കല്ലിങ്കല്‍. ദേശീയ പൗരത്വ നിയമത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും റിമ പറഞ്ഞു.

പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച് ദേശീയ അവാര്‍ഡ്ദാന ചടങ്ങ് ബഹിഷ്‌കരിച്ച ‘സുഡാനി ഫ്രം നൈജീരിയ’യുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് റിമ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

ഫേസ്ബുക്കിലൂടെയായിരുന്നു റിമയുടെ പ്രതികരണം. നേരത്തെ പൗരത്വ ഭേദഗതി – എന്‍.ആര്‍.സി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്നും വിട്ട് നില്‍ക്കുകയാണെന്ന് സുഡാനി ഫ്രം നൈജീരിയയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

രാജ്യവ്യാപകമായി പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമില മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് ക്രൂരമായ അതിക്രമമായിരുന്നു നടത്തിയത്.

അക്രമങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ജെ.എന്‍.യു, ജാമിയ വിദ്യാര്‍ഥികളാണ് ഇന്നലെ രാത്രി മുഴുവന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആയിരക്കണക്കിനു പേരാണ് ഇപ്പോള്‍ പ്രതിഷേധത്തിനായി പൊലീസ് ആസ്ഥാനത്ത് എത്തിയിരിക്കുന്നത്.

പൊലീസ് അനുവാദമില്ലാതെ സര്‍വകലാശാലാ കാമ്പസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്. ഇതിനിടെ ജാമിയക്കു ചുറ്റുമുള്ള മൂന്നു കിലോമീറ്റര്‍ പൊലീസ് ഗതാഗതം തടഞ്ഞിട്ടുണ്ട്. ജാമിയ സര്‍വകലാശാലയുടെ പൂര്‍ണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജാമിയ സര്‍വകലാശാലയില്‍ പൊലീസ് പ്രവേശിച്ചത് അനുവാദം കൂടാതെയും നിയമം ലംഘിച്ചാണെന്നും സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലും ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. കോഴിക്കോട് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആകാശവാണിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. കെ.എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്ത് ഉണ്ട്. 

Post a Comment

0 Comments