കാസര്‍കോട് അതിര്‍ത്തിയില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്
Friday, December 20, 2019
കാസര്‍കോട്: കാസര്‍കോട് അതിര്‍ത്തിയില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലേറ്. ഉപ്പള ഗേറ്റ്, മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരം, കുഞ്ചത്തൂര്‍, തുമ്മിനാട് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച വൈകിട്ടും രാത്രിയിലും കെ എസ് ആര്‍ ടി സി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായത്. മംഗളൂരുവില്‍നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ബസിനെ മറികടന്നു വന്ന് കല്ലെറിഞ്ഞത്. കല്ലേറില്‍ ഗുരുതരമായ പരുക്കേറ്റ ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി എന്‍ ഷിബുവിനെ (44) മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ മുന്‍ഭാഗം ചില്ല് കല്ലേറില്‍ പൂര്‍ണമായും തകര്‍ന്നു. ഏറുകൊണ്ട ഡ്രൈവര്‍ ഉടന്‍ ബസ് ബ്രേക്ക് ചവിട്ടി നിര്‍ത്തിയതിനാല്‍ നിയന്ത്രണംവിട്ടില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളേജിന് സമീപത്തുവെച്ച് കെ എസ് ആര്‍ ടി സി ബസും എറിഞ്ഞ് തകര്‍ത്തിരുന്നു. ആര്‍ക്കും പരുക്കേറ്റിട്ടില്ല. ബസ് കണ്ടക്ടര്‍ പ്രസാദിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു.
0 Comments