കോഴിക്കോട്: പൗരത്വ ബില്ലിനെതിരായ ദേശവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിഷേധത്തിനൊരുങ്ങി കോഴിക്കോട് നഗരം. പൗരത്വ നിയമ ഭേദഗതിക്കും, സർവകലാശാലകളിലുൾപ്പെടെ നടന്ന പൊലീസ് അടിച്ചമർത്തലിനുമെതിരായി 'ആർട്ട്അറ്റാക്ക്' എന്ന പേരില്‍ കലാകാരന്‍മാരും സാഹിത്യപ്രവർത്തകരും യുവജനങ്ങളും അണിനിരക്കുന്ന പ്രതിഷേധ പരിപാടി വ്യാഴാഴ്ച്ച വൈകീട്ട് നാല് മണിക്ക് നടക്കും.
കോഴിക്കോട് മാനാഞ്ചിറയില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി വിവിധ കലാപ്രകടനങ്ങളോടെ കടപ്പുറത്ത് സമാപിക്കും. ഷഹബാസ് അമന്‍, സമീര്‍ ബിൻസി, ആയിശ അബ്ദുല്‍ ബാസിത്ത് എന്നിവര്‍ പ്രതിഷേധ സംഗമത്തില്‍ പാടും. സിനിമ സംവിധായകരായ സകരിയ്യ, മുഹ്സിന്‍ പരാരി, ഹർഷദ്, മാമുക്കോയ, പി.കെ പാറക്കടവ് എന്നിങ്ങനെ സിനിമ, കലാ- സാംസ്കാരിക-സാമൂഹ്യ രംഗത്തെ പ്രമുഖരും വിദ്യാർത്ഥികളും പരിപാടിയില്‍ പങ്കെടുക്കും. ഇതിന് പുറമെ രാജീവ് രവി, പാ രഞ്ജിത്ത്, പാർവതി തിരുവോത്ത്, ആഷിഖ് അബു, ഗീതു മോഹൻദാസ്, റിമ കല്ലിങ്കല്‍, ഷെയിന്‍ നിഗം തുടങ്ങിയ പ്രമുഖര്‍ പരിപാടിക്ക് പിന്തുണയുമായി രംഗത്തെത്തി.
ഡല്‍ഹി ജാമിഅ മില്ലിയ സമരത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ലദീദ ഫർസാന, ആയിശ റന്ന, ഷഹീന്‍ അബ്ദുല്ല എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
0 Comments