ആദൂരില്‍ പരിസ്ഥിതിപ്രവര്‍ത്തകരും ചെങ്കല്‍ക്വാറികളുമായി ബന്ധപ്പെട്ടവരും തമ്മില്‍ ഏറ്റുമുട്ടി;സ്ത്രീകളടക്കം പതിനാലുപേര്‍ക്ക് പരുക്ക്

ആദൂരില്‍ പരിസ്ഥിതിപ്രവര്‍ത്തകരും ചെങ്കല്‍ക്വാറികളുമായി ബന്ധപ്പെട്ടവരും തമ്മില്‍ ഏറ്റുമുട്ടി;സ്ത്രീകളടക്കം പതിനാലുപേര്‍ക്ക് പരുക്ക്




കാസര്‍കോട്; ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മിഞ്ചിപ്പദവില്‍ പരിസ്ഥിതി പ്രവര്‍ത്തകരും ചെങ്കല്‍ ക്വാറികളുമായി ബന്ധപ്പെട്ടവരും തമ്മിലുണ്ടായ സംഘട്ടനത്തില്‍ സ്ത്രീകളുള്‍പ്പെടെ പതിനാലുപേര്‍ക്ക് പരുക്കേറ്റു. മിംച്ചിപ്പദവിലെ രാധാകൃഷ്ണന്‍(58), ടെമ്പോ ഡ്രൈവര്‍ പടിയത്തടുക്കയിലെ അബ്ദുല്‍ഖാദര്‍(47), ഡ്രൈവര്‍ കുണ്ടാറിലെ സുനില്‍കുമാര്‍(30), മിംച്ചിപ്പദവിലെ മേഘരാജ്(20), ഏത്തടുക്കയിലെ ഉമേഷ്(22),കൈത്തോട്ടിലെ അബ്ദുല്‍ റഹ്മാന്‍(35), മിഞ്ചിപ്പദവിലെ പുരുഷോത്തമന്റെ ഭാര്യ ചന്ദ്രാവതി(40), മിഞ്ചിപ്പദവിലെ വാരിജാക്ഷി(60), മിംച്ചിപ്പദവിലെ ജഗദീഷിന്റെ ഭാര്യ ബേബി(45), മിഞ്ചിപ്പദവിലെ രാധാകൃഷ്ണന്റെ ഭാര്യ ഇന്ദിര(41), അപ്പക്കുഞ്ഞിയുടെ ഭാര്യ ഗോപി(50)എന്നിവരെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയിലും പരിസ്ഥിതി പ്രവര്‍ത്തകരായ കിന്നിംഗാര്‍ ബമ്പത്തടുക്കയിലെ ആലിക്കുഞ്ഞി(32), റഷീദ്(34) എന്നിവരെ മംഗളൂരു ആശുപത്രിയിലും ഉളിയത്തടുക്കയിലെ അജീഷിന്റെ ഭാര്യയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ഹര്‍ഷ(27)യെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. മിഞ്ചിപ്പദവില്‍ പതിനഞ്ചോളം ചെങ്കല്‍ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി ഹര്‍ഷക്ക് ഒരു സുഹൃത്ത് വിവരം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഹര്‍ഷ ആലിക്കുഞ്ഞിയെയും റഷീദിനെയും കൂട്ടി മിംച്ചിപ്പദവിലെത്തി. വിവരമറിഞ്ഞ് പരിസ്ഥിതി സമിതിയുടെ ജില്ലാപ്രസിഡണ്ട് ടി വി രാജേന്ദ്രന്‍, ജില്ലാസെക്രട്ടറി വി കെ വിനയന്‍, വൈസ് പ്രസിഡണ്ട് പി കൃഷ്ണന്‍, ജില്ലാകമ്മിറ്റിയംഗം വി വിജയലക്ഷ്മി എന്നിവരും സ്ഥലത്തെത്തിയിരുന്നു. ചെങ്കല്‍ക്വാറികള്‍ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച പരിസ്ഥിതി പ്രവര്‍ത്തകരെ ക്വാറി ഉടമകളുടെ ആളുകളും നാട്ടുകാരായ മറ്റുചിലരും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി. എന്നാല്‍ രാധാകൃഷ്ണന്റെ വീട്ടിലെത്തിയ പരിസ്ഥിതി പ്രവര്‍ത്തകരില്‍ ചിലര്‍ ചെങ്കല്‍ക്വാറികള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഒരുലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടുവെന്നും ഇതിന് വിസമ്മതിച്ചപ്പോള്‍ അക്രമം നടത്തുകയായിരുന്നുവെന്നും ക്വാറി ഉടമകളുമായി ബന്ധപ്പെട്ടവര്‍ ആരോപിച്ചു. റവന്യൂവകുപ്പും ജിയോളജി അധികൃതരും നോട്ടീസ് നല്‍കിയതിനാല്‍ ചെങ്കല്‍ക്വാറികളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞദിവസം സൂര്യഗ്രഹണത്തിന് ശേഷം അനധികൃതമായി ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. തര്‍ക്കം രൂക്ഷമായതോടെയാണ് ചേരിതിരിഞ്ഞുള്ള സംഘട്ടനമുണ്ടായത്. വിവരമറിഞ്ഞ് പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

Post a Comment

0 Comments