
കാസര്‍കോട്; കാട്ടുപോത്തിന്റെ ജഡം മാംസം അറുത്തുമാറ്റിയ നിലയില്‍ വനത്തില്‍ കണ്ടെത്തി. പനത്തടി മരുതോം സെക്ഷന്‍ അതിര്‍ത്തിയിലെ മാനിമലയിലാണ് കാട്ടുപോത്തിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാസര്‍കോട് ഫഌയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ എം കെ നാരായണന്റെ നേതൃത്വത്തില്‍ മരുതോം, പനത്തടി സെക്ഷനുകളുമായി നടത്തിയ സംയുക്ത പരിശോധനയിലാണ് കാട്ടുപോത്തിന്റെ തലയും മാംസം വാര്‍ന്നെടുത്ത നിലയിലുള്ള ശരീരഭാഗങ്ങളും കണ്ടെത്തിയത്. ഏകദേശം ഒമ്പതുവയസ് പ്രായം തോന്നിക്കുന്ന കാട്ടുപോത്തിന് 500 കിലോയോളം ഭാരമാണ് കണക്കാക്കുന്നത്. തീയിട്ട് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളും വനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ണൂര്‍ ഡി എഫ് ഒ ബി രാഹുല്‍ സ്ഥലം സന്ദര്‍ശിച്ചു.സെക്ഷന്‍ ഓഫീസര്‍മാരായ കെ മധുസൂദനന്‍, വി എസ് വിനോദ്കുമാര്‍, ടി പ്രഭാകരന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. കാട്ടുപോത്തിനെ വേട്ടയാടി കൊന്നവരെ കണ്ടെത്തുന്നതിന് വനംവകുപ്പ് നാട്ടുകാരുടെ സഹായവും തേടിയിട്ടുണ്ട്.
0 Comments