മോദിയുടെ നയങ്ങൾ രാജ്യത്തിന്റെ സ്ഥിരതയ്ക്ക് ഭീഷണി; ലോകത്തിനാവശ്യം സഹകരണമാണ്, ഒറ്റപ്പെടുത്തലല്ല- മോദിയെ കടന്നാക്രമിച്ച് ഹോങ് കോങ് പത്രം

മോദിയുടെ നയങ്ങൾ രാജ്യത്തിന്റെ സ്ഥിരതയ്ക്ക് ഭീഷണി; ലോകത്തിനാവശ്യം സഹകരണമാണ്, ഒറ്റപ്പെടുത്തലല്ല- മോദിയെ കടന്നാക്രമിച്ച് ഹോങ് കോങ് പത്രം



ഹോങ് കോങ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളേയും ബി.ജെ.പിയേയും കടന്നാക്രമിച്ച് ഹോങ് കോങ് ഇംഗ്ലീഷ് പത്രമായ 'സൗത്ത് ചൈന മോണിങ് പോസ്റ്റ്'. പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് മോദിയുടെ നയങ്ങളെ വിമർശിക്കുന്നത്. മോദിയുടെ ദേശീയ നയങ്ങൾ ഇന്ത്യയുടെ സ്ഥിരത, സമ്പദ്വ്യവസ്ഥ, നയതന്ത്ര ബന്ധം എന്നിവ അപകടത്തിലാക്കുന്നുവെന്ന് മുഖപ്രസംഗം പറയുന്നു. കഴിഞ്ഞ മാസം പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിൽ ചേരാൻ അദ്ദേഹം വിസമ്മതിച്ചത് ഏഷ്യൻ സ്വതന്ത്ര വ്യാപാരമേഖലയിൽ നഷ്ടമുണ്ടാക്കുകയും രാജ്യത്തിന് വളരെയധികം ആവശ്യമായ സാമ്പത്തിക ഉത്തേജനം നേടുന്നതിൽ നിന്ന് തടയുകയും ചെയ്തതായി മുഖപ്രസംഗം അവകാശപ്പെട്ടു.
മുസ്‌ലിംകളോടുള്ള വിവേചനം കാണിക്കുന്ന പുതിയ നിയമവുമായി മുന്നോട്ട് പോകുന്നത് രാജ്യവ്യാപകമായി അക്രമാസക്തമായ പ്രതിഷേധത്തിന് കാരണമാവുകയും അയൽക്കാരുമായുള്ള ബന്ധത്തെ തകർക്കുകയും ചെയ്യും. ഇന്ത്യക്കാർക്കും ഏഷ്യക്കാർക്കും ലോകത്തിനും ആവശ്യമുള്ളത് സഹകരണവും പ്രാദേശികവാദവുമാണ്, സംരക്ഷണവാദവും ഒറ്റപ്പെടുത്തലുമല്ല.
രണ്ടാം തവണയും അധികാരത്തിൽ കയറിയപ്പോൾ മോദിയും അദ്ദേഹത്തിന്റെ ഹിന്ദു വാദ പാർട്ടിയായ ബി.ജെ.പിയും വാഗ്ദാനം ചെയ്തത് സാമ്പത്തിക പുരോഗതിയും വികസനവുമായിരുന്നു. പക്ഷേ, അവർ അവരുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിന് രാജ്യത്തിന് ഗുണം ചെയ്യുന്ന പല അവസരങ്ങളും അവഗണിച്ചു.
മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളായ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, പാഴ്‌സി, ക്രിസ്ത്യൻ തുടങ്ങിയ മതന്യൂനപക്ഷങ്ങളിൽ പെടുന്ന അഭയാർഥികൾക്ക് പൗരത്വം നൽകുകയും മുസ്‌ലിംകളെ ഒഴിവാക്കുകയും ചെയ്യുന്ന നിയമത്തിനെതിരെ പ്രതിഷേധിച്ച് പൗരത്വ നിയമ ഭേദഗതിക്ക് പാർലമെന്റ് അംഗീകാരം നൽകിയത് ലക്ഷക്കണക്കിന് ആളുകളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചു. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനെന്ന പേരിൽ അസമിൽ നടപ്പാക്കിയ എൻ.ആർ.സിയിലൂടെ പുറത്തായവരിൽ ഭൂരിഭാഗവും ബംഗ്ലാദേശികളാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ 200 ദശലക്ഷം വരുന്ന മുസ്‌ലിംകൾക്കിടയിലുണ്ടാകുന്ന ആശങ്ക മനസ്സിലാക്കാവുന്നതേ ഉള്ളൂ.
മുസ് ലിം ഭൂരിപക്ഷമായ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഓഗസ്റ്റിൽ മോദി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിനും കർസേവകർ തകർത്ത മുസ് ലിം പള്ളിയുടെ സ്ഥാനത്ത് ഹിന്ദു ക്ഷേത്രം പണിയാൻ കോടതി ഉത്തരവിട്ടതിനും പിന്നാലെയാണ് മുസ് ലിംകളെ ഒഴിവാക്കിയുള്ള പുതിയ നിയമ ഭേദഗതിയും വരുന്നത്.
ഈ നിയമം വിവേചനപരമല്ലെന്നും രാജ്യത്തെ 130 കോടി ജനങ്ങളെയും ഇത് ബാധിക്കില്ലെന്നുമാണ് മോദി പറയുന്നത്. ഇതിനായി മീഡിയാ ക്യാമ്പയിന് നടത്തിയിട്ടും പ്രതിഷേധക്കാരെ ശാന്തമാക്കാൻ സാധിച്ചിട്ടില്ല. പൊലീസ് നടപടിയോടെ പ്രതിഷേധം കൂടുതൽ ശക്തമാകുകയാണ് ചെയ്തത്. പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ നിരവധി പേർ മരിക്കുകയും ആയിരങ്ങൾ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.
ഇന്ത്യയുടെ ഭരണഘടനയിൽ മതേതരത്വം ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാൽ മോദിയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ ജനാധിപത്യത്തിന് ഹാനികരമാണെന്ന് വിമർശിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ നയങ്ങൾ നയതന്ത്ര ബന്ധത്തിനും പ്രാദേശിക സ്ഥിരതയ്ക്കും ഭീഷണിയാണ്.

Post a Comment

0 Comments