തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്ന ഇന്‍റര്‍നെറ്റ് സേവന പദ്ധതിയായ കെ ഫോണിന്‍റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഉടനീളം സര്‍വ്വേ പൂര്‍ത്തിയാക്കിയതിനു പിന്നാലെ 30000 കിലോമീറ്റര്‍ ദൂരത്തിൽ ഒപ്റ്റിക്കൽ ഫൈബര്‍ വലിക്കുന്ന ജോലിയാണ് ആരംഭിച്ചത്. തിരുവനന്തപുരത്താണ് നടപടികള്‍ക്ക് തുടക്കമിട്ടത്. ഇന്‍റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പാവപ്പെട്ട കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ചെലവിൽ അതിവേഗ ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് 50000 കിലോമീറ്ററോളം ദൂരത്തിൽ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തിരുവനന്തപുരം പരുത്തിപ്പാറയിലെ കെഎസ്ഇബി സബ് സ്റ്റേഷൻ മുതൽ ടെക്നോപാര്‍ക്കിലെ ഡേറ്റാ സെന്‍റര്‍ വരെ 11 കിലോമീറ്റര്‍ ദൂരത്തിൽ ഒപ്റ്റിക്കൽ ഫൈബര്‍ വലിക്കുന്നത്. പൈലറ്റ് ഘട്ടത്തിലെ ഈ പ്രവൃത്തി പൂര്‍ത്തീകരിച്ച ശേഷം 30000 കിലോമീറ്റര്‍ ദൂരത്തിൽ സംസ്ഥാനത്ത് ഒപ്റ്റിക്കൽ ഫൈബര്‍ വലിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ ഒറ്റപ്പെട്ട ഗ്രാമ പഞ്ചായത്തായ ഇടമലക്കുടി തുടങ്ങി, വയനാട്, ഇടുക്കി ഉൾപ്പെടെയുള്ള ഉൾ പ്രദേശങ്ങളിലും സർവ്വെ നടപടികൾ പൂർത്തിയാക്കിയതിന് ശേഷമാണ് രണ്ടാം ഘട്ട നിർമ്മാണത്തിലേക്ക് കടന്നത്. മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ആദ്യഘട്ടത്തിൽ ഇന്‍റര്‍നെറ്റ് കണക്ഷൻ നല്‍കേണ്ട 10000 സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. മാര്‍ച്ച് മാസത്തോടെ 10000 കിലോമീറ്ററും ജൂൺ മാസത്തോടെ 30000 കിലോമീറ്ററും കേബിള്‍ ഇടാൻ സാധിക്കുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. കെഎസ്ഇബിയുടെ തെരഞ്ഞെടുത്ത വൈദ്യുത പോസ്റ്റുകള്‍ വഴിയാണ് ഒപ്റ്റിക്കൽ ഫൈബര്‍ കേബിള്‍ ഇടുന്നത്.
കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും കെഎസ്ഇബിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2020 അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
0 Comments