
കോഴിക്കോട് : പുതുവത്സരാഘോഷത്തിനിടെ കഞ്ചാവ് തലയ്ക്ക് പിടിച്ച പ്രായപൂര്‍ത്തിയാവാത്ത യുവാക്കളുടെ അശ്രദ്ധയില്‍ സ്‌കൂട്ടര്‍ കത്തിനശിച്ചു. മറ്റൊരു ബൈക്കില്‍ നിന്ന് മോഷ്ടിച്ച പെട്രോള്‍ സ്‌കൂട്ടറില്‍ ഒഴിക്കുന്നതിനിടെ വെളിച്ചകുറവ് കാരണം ലൈറ്റര്‍ തെളിച്ചതാണ് അപകടത്തിനിടയാക്കിയത്. തലനാരിഴയ്ക്കാണ് യുവാക്കൾ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. സംഭവം നടക്കുമ്പോൾ അതു വഴി വന്ന യാത്രക്കാരന്‍ പൊലീസില്‍ വിവരമറിയിച്ചു. ഇതോടെയാണ് മോഷണത്തിന്റെയും കഞ്ചാവിന്റെയും കഥ പുറംലോകമറിഞ്ഞത്.
ചേളന്നൂര്‍ സ്വദേശികളായ ആറു സുഹൃത്തുക്കള്‍ രാത്രിയില്‍ പുതുവത്സരാഘോഷത്തിനായി കണ്ണാടിക്കലില്‍ ഉത്സവത്തിനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഇതിനിടെ യുവാക്കളില്‍ ചിലര്‍ക്ക് കഞ്ചാവ് ലഭിച്ചു. കഞ്ചാവ് വലിച്ച് ലഹരി മൂത്തതോടെ യുവാക്കള്‍ കണ്ണാടിക്കല്‍ ഉത്സവസ്ഥലത്ത് നിന്ന് തലയാടിനടുത്ത വയലടയിലേക്ക് രണ്ടു ബൈക്കുകളില്‍ യാത്രക്കൊരുങ്ങി.
അതിനിടെ സ്‌കൂട്ടറില്‍ പെട്രോളില്ലെന്ന സംശയം ബലപ്പെട്ടു. ഇതിന് പട്രോള്‍ പമ്പില്‍ പോയി സമയം കളയാന്‍ തയാറാവാത്ത യുവാക്കള്‍ തൊട്ടടുത്തുള്ള സുബ്രഹ്മണ്യംക്ഷേത്രം റോഡിലേക്ക് വണ്ടി തള്ളിനീക്കി.
റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത ശേഷം സ്‌കൂട്ടറില്‍ ഒഴിക്ച്ചു. പെട്രോള്‍ ടാങ്കിന്റെ അടപ്പ് അഴിച്ചപ്പോള്‍ വെളിച്ചകുറവ് തോന്നിയതോടെ കൈയിലുണ്ടായിരുന്ന ലൈറ്ററുരച്ച് പരിശോധിച്ചു. ഇതോടെ തീപടരുകയും സ്‌കൂട്ടര്‍ കത്തിനശിക്കുകയും ചെയ്തു.
0 Comments