എക്‌സൈസിനെ കണ്ട് ഭയന്നോടിയ യുവാവിന് ദാരുണാന്ത്യം

LATEST UPDATES

6/recent/ticker-posts

എക്‌സൈസിനെ കണ്ട് ഭയന്നോടിയ യുവാവിന് ദാരുണാന്ത്യം


അന്തിക്കാട്: എക്‌സൈസുകാരെ കണ്ട് ഭയന്ന് കരാഞ്ചിറ മുനയംബണ്ടിന് സമീപം കരുവന്നൂര്‍ പുഴയില്‍ ചാടിയ യുവാവ് മരിച്ചു. തൃപ്രയാര്‍ സ്വദേശി കാറളത്ത് വീട്ടില്‍ അക്ഷയ് (20) യാണ് മരിച്ചത്. കിഴുപ്പിള്ളിക്കരക്കടുത്ത് മുനയം ബണ്ടിന് സമീപമാണ് സംഭവം. കഞ്ചാവ് സംഘങ്ങള്‍ വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് തൃശൂരില്‍ നിന്നുള്ള എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് മുനയത്ത് ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ എത്തുന്നത്. മഫ്തിയില്‍ എത്തിയ എക്‌സൈസ് സംഘത്തെക്കണ്ട് യുവാക്കള്‍ ചിതറിയോടി. എന്നാല്‍ പ്രദേശവാസിയായ യുവാവ് കാലിന് സുഖക്കുറവുള്ള അക്ഷയിനെ പുഴയിലേക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു.
അക്ഷയ് രക്ഷിക്കാന്‍ ആവശ്യപ്പെട്ട് പുഴയില്‍ മുങ്ങിത്താഴുന്നതിന്റെ വിഡിയോ ചവിട്ടി വീഴ്ത്തിയ യുവാവ് ചിത്രീകരിച്ചിട്ടുമുണ്ട്. എന്നാല്‍ യുവാവ് മുങ്ങിത്താഴുമ്ബോളും രക്ഷിക്കാതെ നോക്കിനിന്ന എക്‌സൈസിന്റെ പ്രവൃത്തിക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ജീവനുവേണ്ടി യാചിച്ച അക്ഷയ് വെള്ളത്തിനടിയിലേക്ക് താഴ്ന്നു.
പിന്നീട് സ്ഥലത്തെത്തിയ നാട്ടിക ഫയര്‍ഫോഴ്‌സ് മതിയായ സൗകര്യങ്ങള്‍ ഇല്ലെന്നുപറഞ്ഞ് തിരച്ചില്‍ നടത്താന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഇന്നലെ രാവിലെ തൃശൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ അംഗങ്ങള്‍ രാവിലെ ഏഴുമുതല്‍ 11.30 വരെ മുനയത്ത് തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ഉച്ചക്ക് 2ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം സംഭവത്തില്‍ യുവാവിനെ പുഴയിലേക്ക് തള്ളിയിട്ടുവെന്ന് ആരോപിക്കുന്ന പ്രദേശവാസിയായ കല്ലയില്‍ സന്തോഷിന്റെ വീടിനുനേരെ ചിലര്‍ ആക്രമണം നടത്തി. മൃതദേഹം കിട്ടിയതിനുശേഷം വീണ്ടും നടന്ന ആക്രമണത്തില്‍ പരുക്കേറ്റ സന്തോഷിന്റെ പിതാവ് ശങ്കരനെ പൊലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

Post a Comment

0 Comments