ഒന്നരക്കോടിയുടെ നിരോധിത നോട്ടുകള്‍ പിടികൂടിയ സംഭവം; ഗോവ പോലീസ് കാസര്‍കോട്ടെത്തി

ഒന്നരക്കോടിയുടെ നിരോധിത നോട്ടുകള്‍ പിടികൂടിയ സംഭവം; ഗോവ പോലീസ് കാസര്‍കോട്ടെത്തി



കാസര്‍കോട്: കഴിഞ്ഞ ദിവസം ഗോവയില്‍ ഒന്നരക്കോടിയുടെ നിരോധിത നോട്ടുകളുമായി കാസര്‍കോട് സ്വദേശികളായ അഞ്ച് പേര്‍ അറസ്റ്റിലായ സംഭവത്തില്‍ ഗോവ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കൂടുതല്‍ അന്വേഷണത്തിനായി ഗോവ പോലീസ് കാസര്‍കോട്ടെത്തി. നിരോധിത നോട്ടുകളുടെ ഉറവിടം കണ്ടെത്തുന്നതിനും സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഗോവ പോലീസ് കാസര്‍കോട്ടേക്ക് വന്നത്. അന്വേഷണത്തിന് കാസര്‍കോട് പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കാസര്‍കോട് സ്വദേശികളായ അബ്ദുള്‍ ഖാദര്‍, സലിം, റസാഖ്, അബൂബക്കര്‍ സിദ്ദിഖ്, യൂസഫ് എന്നിവരെയാണ് ഗോവ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് നിരോധിത നോട്ടുകള്‍ കടത്തിയ സംഭവവുമായി ബന്ധമുള്ള മൂന്ന് പേര്‍കൂടി പോലീസ് പിടിയിലായി. ഗോവയില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുന്ന മെല്‍വിന്‍ ലോബോ (39), ലേബര്‍ കോണ്‍ട്രാക്ടറായ സഞ്ജയ് ഖണ്ഡെ പാര്‍ക്ക (36), കാര്‍ റെന്റല്‍ ബിസിനസ് നടത്തുന്ന ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് (36) എന്നിവരെയാണ് ഗോവ പോലീസ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്നും കാറില്‍ കടത്തിക്കൊണ്ടു പോയ പഴയ നോട്ടുകള്‍ ഗോവന്‍ മാര്‍ക്കറ്റില്‍ വില്‍പന നടത്താന്‍ ഏജന്റുമാര്‍ ശ്രമിച്ചെങ്കിലും ഈ നീക്കം പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നോട്ടുകള്‍ തിരിച്ച് കേരളത്തിലേക്ക് കൊണ്ടു പോകാന്‍ ഗോവ അതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് കാസര്‍കോട് സ്വദേശികള്‍ പിടിയിലായത്.

Post a Comment

0 Comments