
കാഞ്ഞങ്ങാട്: വീട്ടുകാർ കൊടുത്ത 500 രൂപയുമായി പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണവുമായി യുവാവിന്റെ കാൽനടയാത്ര. തമിഴ്നാട് മധുര സ്വദേശി ഇമ്മാനുവൽ ജോസഫ് രാജ് എന്ന 22 കാരനാണ് ഇന്ത്യയുടെ തീരമേഖലയിലൂടെ പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണവുമായി നടക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 23നു കൊൽക്കത്തയിൽ നിന്നാണ് ഇമ്മാനുവൽ യാത്ര തുടങ്ങിയത്. 143 ദിവസം തുടർച്ചയായി നടന്നാണ് ഇന്നലെ രാവിലെ കാഞ്ഞങ്ങാട്ടെത്തിയത്. ഇനി മംഗളൂരു, ഗോവ വഴി ഗുജറാത്തിലേക്ക് കടക്കുകയാണ് ലക്ഷ്യം.
കഴുത്തിലും പിറകുവശത്തും പ്ലാസ്റ്റിക്കിനെതിരെയുള്ള സന്ദേശം തൂക്കിയാണ് നടത്തം. ഓരോ സംസ്ഥാനത്തെത്തുമ്പോഴും അവിടത്തെ ഭാഷയിലാണ് സന്ദേശം നൽകുന്നത്. കേരളത്തിലെ യാത്ര വഴി മലയാളം നന്നായി സംസാരിക്കാൻ പഠിച്ചെന്ന് ഇമ്മാനുവൽ പറഞ്ഞു. രാവിലെയും വൈകിട്ടുമാണ് നടത്തം. ക്ഷേത്രങ്ങളിലോ പള്ളികളിലോ താമസിക്കും. പ്രകൃതി സ്നേഹികളും നാട്ടുകാരും സ്നേഹപൂർവം വാങ്ങി നൽകുന്ന ഭക്ഷണമാണ് കഴിക്കുന്നത്. അതിനാൽ വീട്ടുകാർ തന്ന 500 രൂപ ഇതുവരെ ചെലവായിട്ടില്ലെന്നും ഇമ്മാനുവൽ പറയുന്നു.
മൂവ്വായിരത്തിലധികം കിലോമീറ്റർ നടന്നത് കാഞ്ഞങ്ങാട്ടെത്തിയ ഇമ്മാനുവൽ ജോസഫ് രാജിന് അതിഞ്ഞാൽ കൂളിക്കാട് സെറാമിക്‌സിൽ നൽകിയ സ്വീകരണത്തിൽ മാനേജിംഗ് ഡയറക്ടർ ഹബീബ് കൂളിക്കാട് ഉപഹാരം നൽകി.
0 Comments