
മലപ്പുറം: കുറ്റിപ്പുറം പാണ്ടികശാലയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. നാല് പേർക്ക് പരിക്ക്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. കർണാടകയിലെ ഹിരിയൂർ സ്വദേശികളാണ് അപകടത്തിൽപെട്ട കാർ യാത്രക്കാർ. ഇവർ കേരളത്തിലേക്ക് വിനോദയാത്രക്കായി എത്തിയതായിരുന്നു. ബുധനാഴ്ച്ച അർദ്ധ രാത്രിയാണ് അപകടം ഉണ്ടായത്. മലപ്പുറം കുറ്റിപ്പുറം ദേശീയപാത 66ൽ വളാഞ്ചേരിക്കടുത്ത് പാണ്ടികശാല ചോലവളവിലാണ് വാഹനാപകടം ഉണ്ടായത്.
ഹിരിയൂർ സ്വദേശികളായ പാണ്ടൂരംഗ (34), പ്രഭാകർ (50) എന്നിവരാണ് മരണപ്പെട്ടത്. ഹിരിയൂർ നഗരസഭയിലെ കൗൺസിലറാണ് മരണപ്പെട്ട പാണ്ടൂരംഗ. അവിനാശ് (39), രംഗനാഥ് (34), സദ്ദാം (29), കലുന കുമാർ (30), രംഗസ്വാമി (40),സയ്യിദ് സലാവുദ്ദീൻ (38) എനിവരാണ് ചികിത്സയിൽ കഴിയുന്നത്.
പാർസൽ ലോറിയും ടാറ്റ ഹെക്സ എസ്.യു.വിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തൃശൂർ ഭാഗത്ത് നിന്നും വരികയായിരുന്ന പാർസൽ സർവീസിന്റെ ലോറിയും കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കർണാടക രജിസ്ട്രേഷനിലുള്ള ടാറ്റ ഹെക്സ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
പോലീസും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ പെരിന്തൽമണ്ണയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റി.
0 Comments