അട്ടമലയില്‍ മാവോയിസ്റ്റുകള്‍; സ്വകാര്യ റിസോര്‍ട്ടിന്‍റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടച്ചു

അട്ടമലയില്‍ മാവോയിസ്റ്റുകള്‍; സ്വകാര്യ റിസോര്‍ട്ടിന്‍റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടച്ചു



വയനാട് മേപ്പാടിക്കടുത്ത് അട്ടമലയില്‍ മാവോയിസ്റ്റുകള്‍. സ്വകാര്യ റിസോര്‍ട്ടിന്‍റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടച്ചു. മാവോയിസ്റ്റ് നാടുകാണി ഏരിയാകമ്മിറ്റിയുടെ പേരില്‍ പോസ്റ്റര്‍ പതിച്ചു. ആദിവാസി സ്ത്രീകളെ ചൂഷണം ചെയ്യാന്‍ റിസോര്‍ട്ടുടമകള്‍ കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ചാണ് മാവോയിസ്റ്റുകളുടെ താക്കീത്. എന്നാല്‍ ആരേയും പരിക്കേല്‍‍പ്പിച്ചിട്ടില്ല. അട്ടമലയിലെ ആനക്കുഞ്ചിമൂലയിലുള്ള ലക്ഷ്വറി വില്ലകളിലൊന്നിനു നേരെ പുലര്‍ച്ചയോടെയാണ് ആക്രമണമുണ്ടായത്.
റിസോര്‍ട്ടിന്‍റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടച്ചിട്ടുണ്ട്. ആക്രമണത്തിന്‍റെ കാരണം വിശദീകരിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ സമീപത്ത് പതിച്ചിട്ടുണ്ട്. സി.പി.ഐ മാവോയിസ്റ്റ് നാടുകാണി ഏരിയ സമിതിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചത്. ആന്ധ്രാസ്വദേശികളുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലെത്തുന്ന സഞ്ചാരികള്‍ തൊട്ടടുത്ത ആദിവാസി ഊരിലെ സ്ത്രീകളെ ചൂഷണം ചെയ്യുന്നതായും ഇതിന് റിസോര്‍ട്ടുടമകള്‍ ഒത്താശ ചെയ്യുന്നതായും പോസ്റ്ററില്‍ ആരോപണമുണ്ട്. ആദിവാസി ഊരുകളോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകള്‍ നിര്‍ത്തലാക്കണമെന്നാണ് ആവശ്യം. മേപ്പാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വിശദമായ അന്വോഷണത്തിനായി കല്‍പ്പറ്റ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി.

Post a Comment

0 Comments