കാസര്‍കോട് കെ പി ആര്‍ റാവു റോഡു നവീകരണം നിര്‍ത്തിവെച്ചു; പൊടിശല്യം മൂലം യാത്രക്കാര്‍ ദുരിതത്തില്‍
Thursday, January 16, 2020
കാസര്‍കോട്: കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോക്ക് സമീപത്തെ കെ പി ആര്‍ റാവു റോഡിന്റെ നവീകരണം പൊടുന്നനെ നിര്‍ത്തിവെച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. ജനുവരി ആറിനാണ് നവീകരണത്തിനായി കെ പി ആര്‍ റാവു റോഡ് അടച്ചിട്ടത്. 10 ദിവസത്തേക്ക് റോഡ് അടക്കുന്നുവെന്നായിരുന്നു അറിയിച്ചിരുന്നത്. ആറ് മുതല്‍ ടാറിംഗ് ഇളക്കി മാറ്റുന്ന ജോലികള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് മെക്കാഡം ടാറിനായി റോഡില്‍ ജില്ലികള്‍ വിരിച്ച് നിരപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ റോഡിന്റെ തുടര്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നില്ല. കെ എസ് ആര്‍ ടി സി ജംഗ്ഷന്‍ മുതല്‍ ഹെഡ് പോസ്റ്റോഫീസ് വരെയുള്ള 750 മീറ്റര്‍ മെക്കാഡം ടാറിംഗിന്റെ പ്രവൃത്തിയാണ് പാതിവഴിയില്‍ മുടങ്ങിയിരിക്കുന്നത്. 10 ദിവസം കഴിഞ്ഞിട്ടും റോഡ് അതേ അവസ്ഥയില്‍ തന്നെ ഉള്ളതിനാല്‍ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടുകയാണ്. ഇതുവഴിയുള്ള വാഹനഗതാഗതം പണി തീരും വരെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ പണി നിര്‍ത്തിവെച്ചതിനാല്‍ ചെറുവാഹനങ്ങള്‍ ഈ റോഡിലൂടെ കടന്നു പോകുന്നു. ബൈക്കുകളും മറ്റും കടന്നു പോകുമ്പോള്‍ ജില്ലികള്‍ ഇളകുകയും പൊടി ഉയരുകയും ചെയ്യുന്നു. സമീപത്തു കൂടി നടന്നു പോകുന്നവരുടെ ദേഹത്ത് ജില്ലിക്കല്ലുകള്‍ തെറിച്ചു വീഴുന്നതും പതിവായിരിക്കുകയാണ്. വാഹന ഗതാഗതത്തിന് നിയന്ത്രണമുള്ളതിനാല്‍ ഈ ഭാഗത്ത് കച്ചവടവും കുറഞ്ഞിരിക്കുകയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. അതേ സമയം എം ജി റോഡിലെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തിയാണ് കെ പി ആര്‍ റാവു റോഡിന്റെ നവീകരണം തടസപ്പെടാന്‍ കാരണമെന്ന് കരാറുകാരന്‍ പറയുന്നു. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലേക്കും മറ്റും പോകുന്നവര്‍ റോഡിന്റെ ഇത്തരത്തിലുള്ള അവസ്ഥ കാരണം ഏറെ പ്രയാസപ്പെടുന്നു. പൊടി ഉയരുന്നതിനാല്‍ വെള്ളം ചീറ്റി ഇതിന് പരിഹാരം കാണാന്‍ പോലും അധികൃതര്‍ താത്പര്യം കാണിക്കുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.
0 Comments