20 കിലോ കഞ്ചാവ് കടത്തിയ കേസില്‍ അറസ്റ്റിലായ യുവാവ് റിമാന്‍ഡില്‍; രക്ഷപ്പെട്ട പ്രതികള്‍ക്കായി തിരച്ചില്‍ വ്യാപിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

20 കിലോ കഞ്ചാവ് കടത്തിയ കേസില്‍ അറസ്റ്റിലായ യുവാവ് റിമാന്‍ഡില്‍; രക്ഷപ്പെട്ട പ്രതികള്‍ക്കായി തിരച്ചില്‍ വ്യാപിപ്പിച്ചു


കാസര്‍കോട്:  20 കിലോ കഞ്ചാവ് കടത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട സ്വദേശി ആല്‍വിന്‍ എന്ന ഫായിസ് അമീനെ (28)യാണ് കാസര്‍കോട് കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ഉളിയത്തടുക്കയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് കൈകാണിച്ചിട്ടും കഞ്ചാവ്‌സംഘം സഞ്ചരിച്ച വാനും അകമ്പടിയായി വന്ന ബൈക്കും  നിര്‍ത്താതെ പോകുകയായിരുന്നു. പോലീസ് പിന്തുടര്‍ന്നപ്പോള്‍ വാന്‍ മായിപ്പാടി ഡയറ്റിന് സമീപമെത്തി. ഇവിടെ വെച്ച് നിയന്ത്രണം വിട്ട വാന്‍ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് പാഞ്ഞു കയറുകയും സമീപത്തെ മതിലില്‍ ഇടിച്ച് നില്‍ക്കുകയും ചെയ്തു.  ഇതോടെ വാനിലുണ്ടായിരുന്നവരും ബൈക്കില്‍ വന്നയാളും ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ട ബൈക്ക് യാത്രക്കാരനായ മായിപ്പാടി കൊട്ടാരത്തിന് സമീപത്ത് നിന്ന് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പിന്നീട് പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ വാഹനത്തിനകത്ത് പരിശോധന നടത്തിയപ്പോള്‍ മീന്‍ നിറച്ച പെട്ടികള്‍ കണ്ടെത്തി. പെട്ടികള്‍ മാറ്റി പരിശോധിച്ചപ്പോഴാണ് 20 കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. ഒമ്പത് പൊതികളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഘം സഞ്ചരിച്ചിരുന്ന വാനില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും രണ്ട് പേഴ്‌സും ബ്ലൂടുത്ത് ഇയര്‍ ഫോണും കസ്റ്റഡിയിലെടുത്തു.കാസര്‍കോട് സി ഐ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള ഫായിസ് അമീന്‍ എറണാകുളം കളമശ്ശേരിയില്‍ താമസിച്ചാണ് കഞ്ചാവ് വില്‍പന രംഗത്ത് സജീവമായിരുന്നത്. അതേ സമയം രക്ഷപ്പെട്ട സംഘത്തെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. രക്ഷപ്പെട്ടവരില്‍ ഒരാള്‍ കുമ്പള ബന്തിയോട് സ്വദേശിയും മറ്റൊരാള്‍ എറണാകുളം സ്വദേശിയുമാണെന്നാണ് വിവരം.

Post a Comment

0 Comments