പൗരത്വ സംരക്ഷണ സംയുക്ത സമിതിയുടെ മഹാറാലി: ജനസാഗരമായി കാഞ്ഞങ്ങാട്

പൗരത്വ സംരക്ഷണ സംയുക്ത സമിതിയുടെ മഹാറാലി: ജനസാഗരമായി കാഞ്ഞങ്ങാട്


കാഞ്ഞങ്ങാട‌്: ജനങ്ങളിൽ അരക്ഷിത ബോധവും ഭിന്നിപ്പും വിദ്വേഷവും വളർത്തുന്ന പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ ആഴ‌്ത്തുമെന്ന പ്രഖ്യാപനവുമായി പതിനായിരങ്ങൾ കാഞ്ഞങ്ങാട‌് നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. നമ്മളൊന്ന‌് എന്ന പ്രമേയം മുൻനിർത്തി കാഞ്ഞങ്ങാട‌് മേഖലാ പൗരത്വ സംരക്ഷണ സംയുക്ത സമിതി വെള്ളിയാഴ‌്ചയുടെ സായാഹ്നത്തിൽ സംഘടിപ്പിച്ച പൗരത്വസംരക്ഷണ മഹാറാലിയിൽ ജാതി, മത, കക്ഷി, രാഷ്ട്രീയ ഭേദമെന്യേ  എല്ലാ വിഭാഗം ജനങ്ങളും അണിനിരന്നു. കാഞ്ഞങ്ങാട‌് മുനിസിപ്പാലിറ്റിയിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങൾ ഉച്ചമുതൽ മതസൗഹാർദത്തിന്റെ വിളനിലമായ അലാമിപ്പള്ളി ബസ‌്സ‌്റ്റാൻഡ‌് പരിസരത്ത‌് കേന്ദ്രീകരിച്ചു.  ചെറുതും വലുതുമായ സംഘങ്ങൾ മഹാപ്രവാഹമായി ഒരുമിച്ചൊന്നായി നോർത്ത‌്  കോട്ടച്ചേരി ലക്ഷ്യമാക്കി നീങ്ങിയതോടെ നഗരം ജനമഹാസമുദ്രമായിമാറി.
പൊതുസമ്മേളനം നടക്കുന്ന നോർത്ത‌് കോട്ടച്ചേരിയിൽ പൊതുസമ്മേളനം തുടങ്ങിയപ്പോഴും മഹാറാലിയുടെ അവസാന അറ്റം  അഞ്ചുകിലോമീറ്റർ അപ്പുറത്തുള്ള അലാമിപ്പള്ളിയിൽ അവസാനിച്ചിരുന്നില്ല.  കൈക്കുഞ്ഞുങ്ങളെ ഒക്കത്തേന്തിയ സ‌്ത്രീകളുും കലാലയങ്ങൾ വിട്ടിറങ്ങിയ വിദ്യാർഥിനീ‐ വിദ്യാർഥികളുമെല്ലാം റാലിയുടെ ഭാഗമായി. പൗരത്വസംരക്ഷണ സമിതി ചെയർമാൻ മെട്രോ മുഹമ്മദ‌്ഹാജി അധ്യക്ഷനായി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ റാലി ഉദ‌്ഘാടനം  ചെയ‌്തു.  ഇന്ത്യയിൽ മറ്റൊരു രാജ്യമുണ്ടാക്കാനാണ‌് ബിജെപി ശ്രമിക്കുന്നതെന്ന‌് മന്ത്രി പറഞ്ഞു. സ‌്പർദ വളർത്തുന്നതും ജനാധിപത്യ വിരുദ്ധവുമാണ‌് ഈ നിയമം.
അലിഗർ സർവകലാശാല സ‌്റ്റുഡൻസ‌് യൂണിയൻ പ്രസിഡന്റ‌് മുഹമ്മദ‌് സുലൈമാൻ ഇംതിയാസ‌്, പഞ്ചാബിലെ മനുഷ്യാവകാശ പോരാളി അഡ്വ. രാജ‌് വേന്ദ്ര സിങ‌് ബെയിൻസ‌്, മനുഷ്യാവകാശപ്രവർത്തകൻ  അഡ്വ. മുബീൻ ഫാറൂഖി, രാജ‌്മോഹൻ ഉണ്ണിത്താൻ എംപി, ഡോ. സെബാസ‌്റ്റ്യൻ പോൾ, അഡ്വ. രേശ്‌മിത രാമചന്ദ്രൻ, നോവലിസ‌്റ്റ‌് കൽപറ്റ നാരായണൻ, സി കെ സുബൈർ, എംഎൽമാരായ എം സി ഖമറുദ്ദീൻ, എൻ എ നെല്ലിക്കുന്ന‌്, കെ കുഞ്ഞിരാമൻ, എം രാജഗോപാലൻ, ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് എ ജി സി ബഷീർ, നഗരസഭാചെയർമാൻ വി വി രമേശൻ, അജാനൂർ പഞ്ചായത്ത‌്  പ്രസിഡന്റ‌് പി ദാമോദരൻ, ഹക്കീം കുന്നിൽ, ടി ഇ അബ്ദുള്ള, ഗോവിന്ദൻ പള്ളിക്കാപ്പിൽ, യു എം അബ്ദുൾ ഖാദർ മദനി, ബഷീർ വെള്ളിക്കോത്ത‌്, ബിൽടെക‌് അബ്ദുള്ള, കുര്യാക്കോസ‌് പ്ലാപ്പറമ്പൻ, സുരേഷ‌് പുതിയടത്ത‌്, അബ്രഹാം തോണക്കര, കൈപ്രത്ത‌് കൃഷ‌്ണൻ നമ്പ്യാർ, വി കമ്മാരൻ, ബാലകൃഷ‌്ണൻ നമ്പ്യാർ, അഡ്വ. സി വി ദാമോദരൻ, അബ്ദുൾസലാം നീലേശ്വരം, എം മുഹമ്മദ‌്കുഞ്ഞി,  അമ്പൂഞ്ഞി തലക്ലായി, ഇ വി ജയകൃഷ‌്ണൻ, അമ്പലത്തറ കുഞ്ഞികൃഷ‌്ണൻ, അഡ്വ. സി കെ  ശ്രീധരൻ, അഡ്വ. കെ രാജ‌്മോഹനൻ, ടി ഇ എ അബ്ദുള്ള, ബാലകൃഷ‌്ണൻ പെരിയ, അഭിലാഷ‌് കരിച്ചേരി, അഡ്വ. എം സി ജോസ‌്, കെ പി കുഞ്ഞിക്കണ്ണൻ  എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ഡോ. സി ബാലൻ സ്വാഗതവും എ വി രാമകൃഷ‌്ണൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments