LATEST UPDATES

6/recent/ticker-posts

ഗവര്‍ണര്‍ സ്വന്തം സമുദായത്തിന്റെ അന്തകനെന്ന് കെ മുരളീധരന്‍; പദവിയുടെ വലിപ്പം ആരിഫ് ഖാന്‍ മനസ്സിലാക്കണമെന്ന് സിപിഎം മുഖപത്രം




കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന നിലപാടുകൾ സ്വീകരിച്ച കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും എം.പിയുമായ കെ.മുരളീധരൻ. ഗവർണര്‍ സ്വന്തം സമുദായത്തിന്റെ അന്തകനാണെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പി.ആർ ആകുകയാണെന്നും മുരളീധരൻ പറഞ്ഞു.

വയനാട് മാനന്തവാടിയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംഘടിപ്പിച്ച പൗരത്വ പ്രക്ഷോഭ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവർണർ സ്വന്തം സമുദായത്തിന്റെ അന്തകനാണ്. ഗവർമർ മോദിയുടെ പി.ആർ ആകുകയാണ്. ഇങ്ങനെ പോയാൽ അദ്ദേഹത്തിന് സർ സി.പിയുടെ അനുഭവമായിരിക്കും സംഭവിക്കുകമുരളീധരൻ പറഞ്ഞു.

അതേ സമയം ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം. പദവിയുടെ വലുപ്പം തിരിച്ചറിയാത്തവിധമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയ പ്രസ്താവങ്ങള്‍ നടത്തുന്നതെന്നും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കുപരി ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് ഭരണഘടന വിഭാവനം ചെയ്യുംവിധമാണെന്നും 'ഗവര്‍ണറുടെ രാഷ്ട്രീയക്കളി' എന്ന തലക്കെട്ടോടെ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു.

തിരുവനന്തപുരത്തും ഡൽഹിയിലും മാധ്യമങ്ങളെ കണ്ട ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പദവിയുടെ വലുപ്പം തിരിച്ചറിയാത്തവിധമാണ്‌ രാഷ്ട്രീയ പ്രസ്‌താവങ്ങൾ നടത്തിയത്‌. സംസ്ഥാന സർക്കാരുമായുണ്ടായ തെറ്റിദ്ധാരണ വിവാദമാക്കുകയുമാണ്‌. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളിലെ കേരളത്തിന്റെ പങ്കാളിത്തത്തിൽ ക്ഷുഭിതനായ ഖാൻ സംസ്ഥാനത്തിനെതിരെ കടുത്ത ഭാഷയിലാണ്‌ ഭീഷണി മുഴക്കുന്നതും. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കുപരി ഗവർണർ പ്രവർത്തിക്കേണ്ടത്‌ ഭരണഘടന വിഭാവനം ചെയ്യുംവിധമാണ്‌. രാഷ്ട്രീയ നിയമനമായ ഗവർണർ സ്ഥാനവും തെരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത്‌ താനാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചുപോയി.

സർക്കാരിന്റെ എല്ലാ തീരുമാനവും ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. അനുച്ഛേദം 167ൽ ഇക്കാര്യം വ്യക്തം. ഗവർണർക്ക് വിവരം നൽകുന്നതിൽ മുഖ്യമന്ത്രിയുടെ കർത്തവ്യങ്ങളാണ് അതിൽ വിശദീകരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കാനുള്ള ഭരണഘടനാ ബാധ്യത മാത്രമേ മുഖ്യമന്ത്രിക്കുള്ളൂ. ദൈനംദിന തീരുമാനങ്ങൾ അറിയിക്കണമെന്ന് ഭരണഘടന നിഷ്‌കർഷിക്കുന്നില്ല. 2016 ജൂലൈ 13ലെ ജഗദീഷ്സിങ്‌ ഗേൽഹർ നേതൃത്വം നൽകിയ സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ വിധി നിർണായകമാണ്‌. അരുണാചൽ എംഎൽഎമാരുടെ അയോഗ്യതയുമായി ബന്ധപ്പെട്ട കേസിലെ വിധികൂടി നോക്കണം. ഗവർണർക്ക് ഭരണഘടന നൽകുന്ന അധികാരങ്ങളേ ഉള്ളൂവെന്ന്‌ അതിൽ കൃത്യമായി പറഞ്ഞു. അതായത് ഗവർണർക്ക് സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനേ കഴിയില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സഭാപ്രമേയം നിയമപരമാണ്. ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും അനുസരിച്ചാണ് അത്‌ പാസാക്കിയതും. പ്രമേയം പാസാക്കുംമുമ്പ് ഗവർണറെ അറിയിക്കണമെന്നില്ല.

തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുവിഭജനം പുനര്‍ക്രമീകരിക്കാനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം ഗവര്‍ണറോട് ആവശ്യപ്പെട്ടത് ജനുവരി മൂന്നിനാണ്. സഭ ചേരാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. സഭ വിളിക്കുകയാണെങ്കില്‍ ഗവര്‍ണറെ വിവരം അറിയിക്കും. അതിനുമുമ്പ് സമ്മേളനം വരാനുണ്ടെന്ന് എങ്ങനെ പറയാനാകും. സഭയുടെ പൂര്‍ണാധികാരം ഭരണഘടന അംഗീകരിച്ചതാണ്. സഭാ നടപടികളുടെ സാധുത കോടതിയില്‍പ്പോലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്നും അനുച്ഛേദം 212 അനുശാസിക്കുന്നു.

സ്പീക്കര്‍ അവതരണാനുമതി നല്‍കുകയും സഭ ഏകകണ്ഠമായി പാസാക്കുകയും ചെയ്ത പ്രമേയത്തിന്റെ നിയമ ഭരണഘടനാ സാധുതകള്‍ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഗവര്‍ണറുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് അനൗചിത്യമാണ്. കേരള ജനതയുടെ വികാരം പ്രതിഫലിപ്പിക്കുന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അത് നിറവേറ്റുന്നതിനാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ അനുച്ഛേദം 131 അനുസരിച്ചുള്ള സ്യൂട്ട് ഫയല്‍ ചെയ്തത്. സഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയം ജനങ്ങളുടെ അഭിപ്രായമായി കാണുന്നതിന് പകരം വിമര്‍ശിക്കുന്നതും തുടര്‍നടപടികളെ ചോദ്യംചെയ്യുന്നതും സത്യപ്രതിജ്ഞാ ലംഘനമാണെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

Post a Comment

0 Comments