
കാസർകോട്: ജില്ലയിലെ പ്ലേ സ്‌കൂളുകളില്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശിശു ക്ഷേമ സമിതി യോഗം തീരുമാനിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിലും അപകടകരമായ സാഹചര്യത്തിലും പ്ലേ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണിത്. ശിശുക്ഷേമ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതിയാണ് പരിശോധന നടത്തുക. കുട്ടികളുടെ സുരക്ഷിതത്വം, അടിസ്ഥാന സൗകര്യങ്ങള്‍, ശുദ്ധ ജല ലഭ്യത, ജീവനക്കാരുടെ എണ്ണം, കുട്ടികള്‍ക്കാവശ്യമായ സ്ഥല സൗകര്യം എന്നിവ ഉണ്ടോ എന്ന് സമിതി പരിശോധിച്ചു ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്ലേ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുക. പരിശോധനയ്ക്കു മുമ്പായി എല്ലാ എല്ലാ സ്‌കൂളുകളിലും അവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. പ്ലേ സ്‌കൂളുകള്‍ക്ക് ചുറ്റുമതിലും സ്‌കൂള്‍ നില്‍ക്കുന്ന സ്ഥലത്തെ കിണറുകള്‍ക്ക് മറയും ശുചിത്വവും നിര്‍ബന്ധമാണ്
യോഗത്തില്‍ മുധു മുതിയക്കാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശിശുക്ഷേമ സമിതി ട്രഷറര്‍ എം. ലക്ഷ്മി, വൈസ് പ്രസിഡന്റ് എം.പി.വി. ജാനകി, എ.ഡി.സി ജനറല്‍ ബെവിന്‍ ജോണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ റഷീദ് ബാബു, അഡ്വ. ശ്രീജിത്, വനിതാ ശിശു വികസന ഓഫീസര്‍ ദേനാ ഭരതന്‍, ഡി.ഡി. ഓഫീസ് എ. എ ഡി.കെ. നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.
0 Comments