
കാസർകോട്: വിവിധ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങളോട് ഉദ്യോഗസ്ഥര്‍ നല്ലരീതിയില്‍ പെരുമാറണമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. വെസ്റ്റ് എളേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന വില്ലേജ്- പഞ്ചായത്ത് ഓഫീസുകളിലെ ജീവനക്കാര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ ഏത്രയുംപെട്ടന്ന് നിറവേറ്റി കൊടുക്കണം.സാങ്കേതികത്വത്തിന്റെ പേരിലും നിയമ സങ്കീര്‍ണ്ണതയുടെ പേരിലും ജനങ്ങളെ വീണ്ടും വീണ്ടും ഓഫീസുകളില്‍ വരാന്‍ നിര്‍ബന്ധിക്കരുത്. സേവനങ്ങള്‍ സമയബന്ധിതമായി ലഭിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കിയത് വളരെ പെട്ടന്ന് സേവനം ലഭ്യമാക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ്. ഇതിന് വിരുദ്ധമായാണ് പല ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നത്. ഇത് സര്‍ക്കാര്‍ ഗൗരവത്തോടുകൂടിയാണ് കാണുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്തെ 220 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റിയെന്നും സംസ്ഥാനത്തെ 1664 വില്ലേജ് ഓഫീസുകള്‍ ആധുനികവത്കരികുന്നതിന് സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണന നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസുകളുടെ ഭൗതിക സൗകര്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 230 വില്ലേജ് ഓഫീസുകള്‍ക്ക് ചുറ്റുമതില്‍ നിര്‍മ്മിച്ചു. 270 വില്ലേജ് ഓഫീസുകള്‍ക്ക് അധികം മുറി നിര്‍മ്മിച്ചു. 230 വില്ലേജ് ഓഫീസുകളുടെ അറ്റകുറ്റപണി നടത്തുകയും ചെയ്തു. ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും 300 വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി മാറും. വില്ലേജ് ഓഫീസുകളുടെയും റവന്യു ഓഫീസുകളുടെയും നവീകരണത്തിനായി സര്‍ക്കാര്‍ ഇതുവരെ 113 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എം രാജഗോപാലന്‍ എം.എല്‍ .എ അധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ,പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ , എ. ഡി .എം. എന്‍ ദേവീദാസ് ,വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി .കെ. സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.പി വേണുഗോപാല്‍, , വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി കുഞ്ഞിക്കണ്ണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ അപ്പുക്കുട്ടന്‍, സി.പി സുരേശന്‍, ജോയി ജോസഫ്, ജെറ്റോ ജോസഫ് ഒഴുകയില്‍, പി.ജെ. ആന്റക്‌സ് എന്നിവര്‍ സംസാരിച്ചു.
0 Comments