ഉംറ തീർത്ഥാടനത്തിനായി രാജ്യത്ത് പ്രവേശിക്കുന്നതിന് സൗദി അറേബ്യ താത്കാലിക വിലക്കേർപ്പെടുത്തി. ആഗോളതലത്തിൽ കൊറോണവൈറസ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ ആണ് ഈ നടപടി. ഉംറ തീർത്ഥാടനത്തിനും മദീന സന്ദർശനത്തിനുമായി എത്തുന്നവർക്കാണ് വിലക്കെന്ന് സൗദി വാർത്താ ഏജൻസി അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അപകടകരമായി കൊറോണവൈറസ് പടരുന്ന രാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാർക്കും രാജ്യത്തേക്ക് പ്രവേശനം താത്കാലികമായി നിർത്തിവെച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
ദേശീയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സൗദി പൗരൻമാരും ജി.സി.സി പൗരൻമാരും രാജ്യത്ത് നിന്ന് പുറത്ത് പോകുന്നതിനും പ്രവേശിക്കുന്നതിനും വിലക്കുണ്ട്. നേരത്തെ ദേശീയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വിദേശത്തേക്ക് പോയ സൗദി പൗരൻമാർക്ക് തിരിച്ച് വരുന്നതിന് വിലക്കില്ല.
ദേശീയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ജി.സി.സി. പൗരൻമാർക്ക് അവരുടെ രാജ്യങ്ങളിലേക്ക് പോകുന്നതിനും വിലക്കില്ല.
അതേസമയം, കൊറോണ വൈറസ് ബാധയിലുള്ള പുരോഗതി കാര്യമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും കൊറോണയെ നേരിടാൻ രാജ്യങ്ങളും സംഘടനകളും എടുക്കുന്ന പ്രയത്നങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും സൗദി സർക്കാർ അറിയിച്ചു.
0 Comments