ജയിലില്‍ കിടന്ന മകനെ ജാമ്യത്തിലിറക്കി; നാട്ടുകാര്‍ നോക്കി നില്‍ക്കെ അമ്മയെ തിന്നര്‍ ഒഴിച്ച്‌ തീ കൊളുത്തി; വയോധിക ഗുരുതരാവസ്ഥയില്‍

LATEST UPDATES

6/recent/ticker-posts

ജയിലില്‍ കിടന്ന മകനെ ജാമ്യത്തിലിറക്കി; നാട്ടുകാര്‍ നോക്കി നില്‍ക്കെ അമ്മയെ തിന്നര്‍ ഒഴിച്ച്‌ തീ കൊളുത്തി; വയോധിക ഗുരുതരാവസ്ഥയില്‍



പാവറട്ടി (തൃശൂർ):  തന്നെ ആക്രമിച്ചതിനു ജയിലിൽ കിടന്ന മകനെ ജാമ്യത്തിലിറക്കിയ 85 വയസ്സുള്ള അമ്മയെ മകൻ പെയിന്റിൽ ഒഴിക്കുന്ന  തിന്നർ  മിശ്രിതം ഒഴിച്ചു തീ കൊളുത്തി. കുടുംബാംഗങ്ങളും നാട്ടുകാരും നോക്കി നിൽക്കെ റോഡിലാണ് സംഭവം. മാനിനക്കുന്ന് താണവീഥി അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപം ഗുരുജി നഗറില്‍ വാഴപ്പുള്ളി അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളിയമ്മുവിനാണ് (85) പൊള്ളലേറ്റത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ തടഞ്ഞു വച്ച മകന്‍ ഉണ്ണിക്കൃഷ്ണനെ (ഉണ്ണിമോന്‍ 60) ബല പ്രയോഗത്തിലൂടെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

അമ്മയുടെ വായിൽ ടോർച്ച് കുത്തിക്കയറ്റിയ കേസിൽ ജയിലിൽ കിടക്കുകയായിരുന്ന മകനെ അമ്മ 2 മാസം മുൻപാണ്  ജാമ്യത്തിലിറക്കിയത്.  വള്ളിയമ്മുവിനെ ഉണ്ണിക്കൃഷ്ണൻ മുൻപും പല തവണ ഉപദ്രവിച്ചിരുന്നതായി പറയുന്നു.  ഉണ്ണിക്കൃഷ്ണന്റെ മകന്റെ ഭാര്യയുടെ കയ്യിൽ നിന്നു തന്റെ സമ്മതമില്ലാതെ ചായ വാങ്ങി കുടിച്ചതിന് ഉണ്ണിക്കൃഷ്ണൻ  വള്ളിയമ്മുവിനെ മടൽ കൊണ്ട്  അടിക്കാനോങ്ങിയപ്പോൾ റോഡിലേക്കിറങ്ങിയ അമ്മയെ പിന്തുടർന്ന മകൻ വീട്ടിൽ സൂക്ഷിച്ചിരുന്ന തിന്നർ ഒഴിച്ചു തീകൊളുത്തുകയായിരുന്നു.

വള്ളിയമ്മുവിന്  വടി കുത്തിപ്പിടിച്ചേ നടക്കാനാകൂ. ഇതിനാൽ രക്ഷപ്പെടാനായില്ല. കുറച്ചകലെയായി റോഡിൽ സമീപവാസികൾ ഉണ്ടായിരുന്നെങ്കിലും അവർ എത്തും മുൻപ് തീ ആളിപ്പടർന്നിരുന്നു.  അമ്മയെ മർദിച്ചതിനു ഉണ്ണിക്കൃഷ്ണന്റെ പേരിൽ ഒട്ടേറെ പരാതികളുണ്ട്.  കുടുംബാംഗങ്ങളുടെ നിർബന്ധത്തിനു വഴങ്ങി വള്ളിയമ്മു തന്നെയാണ് കോടതിയിലെത്തി ജാമ്യത്തിലിറക്കിയത്.

Post a Comment

0 Comments