കാസർകോട് ആറു പേർക്ക് കൊറോണ; കാസർകോട് പ്രത്യേകം കരുതൽ വേണമെന്ന് മുഖ്യമന്ത്രി

കാസർകോട് ആറു പേർക്ക് കൊറോണ; കാസർകോട് പ്രത്യേകം കരുതൽ വേണമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: കോവിഡ് രോഗഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സ്ഥിതി ഇന്നലത്തെ പോലെയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 12 പേർക്കു രോഗം ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 5 പേർ എറണാകുളം, ആറു പേർ കാസർകോട്, ഒരാൾ പാലക്കാട് ജില്ലക്കാരനാണ്. ഇതോടെ ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. 44,390 പേർ ഇപ്പോൾ സംസ്ഥാനത്തു നിരീക്ഷണത്തിലുണ്ട്. അതിൽ 44,165 പേർ വീടുകളിലാണ്.

225 പേർ ആശുപത്രിയിലാണ്. ഇന്നുമാത്രം 56 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3,436 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 12 പേർക്ക് രോഗം വന്നത് കാര്യങ്ങൾ ഗൗരവമായി എടുക്കണമെന്നാണു കാണിക്കുന്നത്. എറണാകുളത്തു വിദേശ ടൂറിസ്റ്റുകള്‍ക്കാണ് വൈറസ് ബാധിച്ചത്. കാസർകോടിന്റെ കാര്യം വിചിത്രമാണ്. വൈറസ് ബാധിച്ചയാൾ കരിപ്പൂരാണ് വിമാനം ഇറങ്ങിയത്. അന്ന് അവിടെ താമസിച്ചു. പിറ്റേന്ന് കോഴിക്കോടേക്കും അവിടെനിന്ന് കാസർകോടെക്കു പോയി. പിന്നീട് എല്ലാ പൊതു പരിപാടികളിലും അദ്ദേഹം പങ്കെടുത്തു.

ഫുട്ബോൾ, ക്ലബ് പരിപാടി, വീട്ടിലെ ചടങ്ങുകളിൽ പങ്കെടുത്തു. അദ്ദേഹം ഒട്ടേറ സഞ്ചരിച്ചു. കാസർകോട് പ്രത്യേകം കരുതൽ വേണം എന്നാണ് ഇതിൽ കാണുന്നത്. ജാഗ്രത വേണം എന്ന് അഭ്യര്‍ഥിക്കുന്നുണ്ടെങ്കിലും ചിലർ ഇത് അനുസരിക്കാത്തതിന്റെ വിനയാണിത്. കാസർകോട് ജില്ലയിൽ ഒരാഴ്ച സർക്കാർ ഓഫിസുകള്‍ അടച്ചിടും. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. അവിടെയുള്ള ക്ലബുകൾ മുഴുവനായും അടയ്ക്കും. കടകൾ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ മാത്രമേ തുറക്കൂ. ഇങ്ങനെ വലിയ നിയന്ത്രണം കാസര്‍കോട് വേണം. ഇത് ഉത്തരവായി ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.